മൻമോഹൻ സിങ് മത്സരിക്കില്ല,നഡ്ഡയ്ക്ക് നാട്ടിൽ രക്ഷയില്ല; 56 രാജ്യസഭാ സീറ്റുകളിലേക്ക് 27ന് തിരഞ്ഞെടുപ്പ്

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ഭൂപേന്ദർ യാദവ്, മൻസുഖ് മാണ്ഡവ്യ തുടങ്ങിയ പ്രമുഖർ സ്ഥാനമൊഴിയുന്ന സീറ്റുകളിലേക്കാണ് ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പു നടക്കുന്നത്.
ഇതിൽ ആരോഗ്യസ്ഥിതി കാരണം മൻമോഹൻ സിങ് ഇനി മത്സരിക്കാനിടയില്ല. ജെ.പി.നഡ്ഡയ്ക്കാകട്ടെ തന്റെ സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ഭരണമായതിനാൽ അവിടെ നിന്ന് മത്സരിക്കാനുമാവില്ല.
15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. ആന്ധ്ര പ്രദേശ് (3), ബിഹാർ (6), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (4), ഹരിയാന (1), ഹിമാചൽപ്രദേശ് (1), കർണാടക (4), മധ്യപ്രദേശ്(5), മഹാരാഷ്ട്ര (6), തെലങ്കാന (3), യുപി (10), ഉത്തരാഖണ്ഡ് (1), ബംഗാൾ (5), ഒഡീഷ (3), രാജസ്ഥാൻ (3) എന്നിവിടങ്ങളിലാണ് ഒഴിവുകൾ വരുന്നത്.
ബിജെപിയുടെ മുഖ്യ വക്താവ് അനിൽ ബലൂണി (ഉത്തരാഖണ്ഡ്), കേന്ദ്രമന്ത്രിമാരായ നാരായൺ റാണെ, മുൻമന്ത്രി പ്രകാശ് ജാവഡേക്കർ, എൻസിപിയുടെ വന്ദന ചവാൻ (എല്ലാവരും മഹാരാഷ്ട്ര) തുടങ്ങിയവരും വിരമിക്കുന്നവരിലുണ്ട്. വി.മുരളീധരനും മഹാരാഷ്ട്രയിൽ നിന്നുള്ള അംഗമാണ്.
ബിജെപിക്ക് മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് 2 വീതം സീറ്റുകൾ ഉറപ്പാണ്. നിലവിൽ 93 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ബിഹാറിൽ ജെഡി(യു), മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻസിപി പക്ഷം പിന്തുണയ്ക്കുന്നതിനാലാണു സീറ്റുകൾ കിട്ടുന്നത്.
കർണാടകയിലും തെലങ്കാനയിലും കോൺഗ്രസിന് നേട്ടമുണ്ടാവും. രാജീവ് ചന്ദ്രശേഖർ കർണാടകയിൽ നിന്നാണു വിരമിക്കുന്നത്. 3 കോൺഗ്രസ് അംഗങ്ങളും വിരമിക്കുന്നു. ബംഗാളിൽ നിന്ന് വിരമിക്കുന്നവരിൽ കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയുമുണ്ട്.
ആർജെഡിയുടെ മനോജ് ഝാ, ബിജെപിയുടെ സുശീൽ കുമാർ മോദി എന്നിവർ ബിഹാറിൽ നിന്ന് കാലാവധി പൂർത്തിയാക്കുന്നവരിലുണ്ട്. മഹിളാ മോർച്ച നേതാവ് സരോജ് പാണ്ഡെ ഹരിയാനയിൽ നിന്നു വിരമിക്കുന്ന അംഗമാണ്. സോനൽ മാൻസിങ്ങും മഹേഷ് ജഠ്മലാനിയുമടക്കം ഏതാനും നോമിനേറ്റഡ് അംഗങ്ങൾ ജൂലൈയിൽ വിരമിക്കും.
Source link