8 വോട്ട് ‘അസാധു’; ചണ്ഡിഗഡ് മേയർ സ്ഥാനം ബിജെപിക്ക്

ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടി – കോൺഗ്രസ് സഖ്യത്തിന്റെ 8 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതോടെ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. പോൾ ചെയ്ത 36 വോട്ടുകളിൽ 16 വോട്ട് നേടിയ ബിജെപിയുടെ മനോജ് സോങ്കർ മേയറായി. കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച എഎപി സ്ഥാനാർഥി കുൽദീപ് ടിറ്റയ്ക്കു ലഭിച്ച വോട്ടുകളിൽ 12 എണ്ണം മാത്രമാണു സാധുവായി കണക്കാക്കിയത്.
തിരിമറി ആരോപിച്ച് എഎപി നേതാക്കൾ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. പ്രിസൈഡിങ് ഓഫിസറും ബിജെപിയുടെ നോമിനേറ്റഡ് കൗൺസിലറുമായ അനിൽ മസ്സി ബാലറ്റ് പേപ്പറുകളിൽ എഴുതുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നാണ് എഎപിയുടെ ആവശ്യം. വിഷയം അടിയന്തരമായി പരിഗണിക്കാമെന്നു കോടതി അറിയിച്ചു.

ആദ്യം 18നു നടത്താൻ നിശ്ചയിച്ചിരുന്ന മേയർ തിരഞ്ഞെടുപ്പ് അവസാന നിമിഷം മാറ്റിവച്ചിരുന്നു. എഎപി ഹർജി നൽകിയതിനെത്തുടർന്ന് ഹൈക്കോടതി ഇന്നലെ തിരഞ്ഞെടുപ്പു നടത്താൻ ഉത്തരവിടുകയുമായിരുന്നു. കാരണം കൂടാതെ വോട്ടുകൾ അസാധുവാക്കിയെന്നും വോട്ടെണ്ണലിൽ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചില്ലെന്നും കോൺഗ്രസും എഎപിയും ആരോപിക്കുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ ബിജെപി അംഗങ്ങൾ ബാലറ്റ് പേപ്പറുകൾ കൈക്കലാക്കി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും നേതാക്കൾ പറഞ്ഞു. എഎപിയും കോൺഗ്രസും ബഹിഷ്കരിച്ചതോടെ സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ കുൽജിത്ത് സന്ധുവും രജീന്ദർ ശർമയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

English Summary:
BJP wins in Chandigarh mayor election


Source link
Exit mobile version