ചിന്നം വിളിച്ച് ആനകൾ

യമോസൂക്രോ(ഐവറി കോസ്റ്റ്): നിലവിലെ ചാന്പ്യന്മാരായ സെനഗലിനെ തോൽപ്പിച്ച് ഐവറി കോസ്റ്റ് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന്റെ ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആനകൾ എന്ന് അപരനാമമുള്ള, ആതിഥേയരായ ഐവറി കോസ്റ്റ് 5-4ന് സെനഗലിനെ തകർത്തു. എക്സ്ട്രാ ടൈം വരെ 1-1ന് സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. രണ്ടു പെനാൽറ്റി കിക്കുകൾ സമ്മർദമൊന്നുമില്ലാതെ വലയിലാക്കിയ ഫ്രാങ്ക് കെസിയാണ് ആനകൾക്ക് അവിസ്മരണീയമായ ജയമൊരുക്കിയത്. മുഴുവൻ സമയം തീരാൻ നാലു മിനിറ്റുള്ളപ്പോൾ ലഭിച്ച പെനാൽറ്റി വലയിലാക്കി കെസി ആതിഥേയർക്കു സമനില നൽകി. ഷൂട്ടൗട്ടിൽ നിർണായകമായ അഞ്ചാം കിക്കും വലയിലാക്കി കെസി ടീമിന് ഉജ്വലജയം സമ്മാനിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരവും ജയിച്ചാണു സെനഗൽ പ്രീക്വാർട്ടറിലെത്തിയത്. എന്നാൽ, ഒരു ജയവും രണ്ടു തോൽവികളുമായി മികച്ച മൂന്നാം സ്ഥാനക്കാരായാണ് ഐവറി കോസ്റ്റ് നോക്കൗട്ടിലെത്തിയത്.
ഒരു ചാന്പ്യന്മാർക്കു ചേർന്ന സ്വപ്നതുല്യമായ തുടക്കമാണു സെനഗൽ ഇട്ടത്. നാലാം മിനിറ്റിൽ സാദിയോ മാനെയുടെ ക്രോസിൽനിന്നു ഹബിബ് ഡിയലോ ഗോൾ നേടി. നികോളസ് പെപെയെ ബോക്സിനുള്ളിൽ ഗോൾകീപ്പർ എഡ്വേർഡോ മെൻഡി വീഴ്ത്തിയതിനു പെനാൽറ്റി വിധിച്ചു. കെസി പന്ത് വലയിലാക്കി. 1-1ന് സമനില. എക്സ്ട്രാ ടൈമിലും സമനില ഭേദിക്കാനായില്ല. ഷൂട്ടൗട്ടിൽ മൂന്നാം കിക്കെടുത്ത സെനഗലിന്റെ മൂസ നിഖേതയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. സെനഗലിന്റെ തോൽവിയോടെ 2010-ൽ ഈജിപ്ത് തുടർച്ചയായ മൂന്നാം കിരീടം നേടിയതിനു ശേഷം നിലവിലെ ചാന്പ്യന്മാരാരും ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന്റെ ആദ്യ നോക്കൗട്ട് റൗണ്ടിന് അപ്പുറത്തേക്ക് എത്തിയിട്ടില്ല എന്ന ചരിത്രം ആവർത്തിച്ചു.
Source link