മുഷീർ ഖാന് സെഞ്ചുറി; ഐസിസി അണ്ടർ-19 ഏകദിനലോകകപ്പിൽ ഇന്ത്യക്ക് തകർപ്പൻ ജയം

ബ്ലോംഫൗണ്ടേൻ: തലേന്ന് മൂത്ത സഹോദരന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കു വിളിയും ഇന്നലെ അനുജനു സെഞ്ചുറിയും. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കു വിളി ലഭിച്ച സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ ഐസിസി അണ്ടർ-19 ഏകദിനലോകകപ്പിലെ സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലാണു തകർപ്പൻ സെഞ്ചുറിയും (126 പന്തിൽ 131) രണ്ടു വിക്കറ്റുമായും ടീമിന് വൻ ജയമൊരുക്കിയത്. 214 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഷീറിന്റെ സെഞ്ചുറിക്കൊപ്പം ഓപ്പണർ ആദർശ് സിംഗിന്റെ അർധ സെഞ്ചുറിയും (58 പന്തിൽ 52) ചേർന്നപ്പോൾ ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റിന് 295 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 28.1 ഓവറിൽ 81 റണ്‍സിന് എല്ലാവരും പുറത്തായി. ടൂർണമെന്റിൽ മുഷീറിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഈ ലോകകപ്പിൽ 300 റണ്‍സ് കടക്കുന്ന ആദ്യ ബാറ്ററുമായി മുഷീർ. നാല് ഇന്നിംഗ്സിൽനിന്നായി 325 റണ്‍സാണ് സ്കോർ ചെയ്തിരിക്കുന്നത്. അണ്ടർ-19 ലോകകപ്പിൽ രണ്ടു സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായിരിക്കുകയാണ് ഈ പതിനെട്ടുകാരൻ. 2004ൽ ശിഖർ ധവാനാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. അന്ന് മൂന്നു സെഞ്ചുറിയാണു ധവാൻ നേടിയത്. ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. സ്കോർ 28ലെത്തിയപ്പോൾ അർഷിൻ കുൽക്കർണിയെ നഷ്ടമായി. പിന്നീടൊരുമിച്ച മുഷീറും ആദർശും ചേർന്ന് 77 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. സാക് കമ്മിംഗ്സിന്റെ പന്തിൽ ആദർശ് ഒലിവർ തെവാട്യക്കു ക്യാച്ച് നല്കി.
മുഷീറിനൊപ്പം ക്യാപ്റ്റൻ ഉദയ് ശരണ്‍ എത്തിയതോടെ സ്കോർ വീണ്ടും ഉയർന്നു. മികച്ച തുടക്കം ലഭിച്ച ശരണിന് (57 പന്തിൽ 35) കൂടുതൽ മുന്നോട്ടു പോകാനായില്ല. 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും മൂന്നാം വിക്കറ്റിൽ ചേർത്തത്. ഇന്ത്യൻ ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ടും ഇതായിരുന്നു. ഇതിനിടെ മുഷീർ അർധ സെഞ്ചുറി കടന്നു. പിന്നീടെത്തിയവരിൽനിന്ന് കാര്യമായ സംഭാവനൾ ലഭിച്ചില്ല. ഇന്ത്യൻ സ്കോർ 275ലെത്തിയപ്പോൾ ആറാമനായി മുഷീർ പുറത്തായി. മേസൻ ക്ലാർക്കിനായിരുന്നു വിക്കറ്റ്. 126 പന്തിൽ 131 റണ്‍സ് നേടിയ മുഷീറിന്റെ ബാറ്റിൽനിന്ന് 13 ഫോറും മൂന്നു സിക്സും പിറന്നു. ക്ലാർക്ക് നാലു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിംഗിൽ സ്കോർ തുറക്കും മുന്‍പേ ആദ്യ ഓവറിൽത്തന്നെ കിവീസിനു രണ്ടു വിക്കറ്റുകൾ നഷ്ടമായി. രാജ് ലിംബാനിയാണ് ഈ വിക്കറ്റുകൾ നേടിയത്. ഇതോടെ തകർന്ന കിവീസിന് ഒരിക്കൽപ്പോലും മുന്നേറാനായില്ല. 19 റണ്‍സ് നേടിയ ഓസ്കർ ജോണ്‍സനാണ് ടോപ് സ്കോറർ. സൗമി പാണ്ഡെ നാലും ലിംബാനിയും മുഷീറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Source link