INDIALATEST NEWS

ഇത് ദേശദ്രോഹം, ഛണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിനെതിരെ എഎപി

ചണ്ഡീഗഡ്∙ ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി അപ്രതീക്ഷിത വിജയം നേടിയതിനു പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ആം ആദ്മി പാർട്ടി നേതാക്കൾ. ബിജെപിയെ വ‍ഞ്ചകരെന്ന് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ വിശേഷിപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ നടന്നത് ദേശദ്രോഹ നടപടിയാണെന്നാണ് രാഘവ് ഛ‍ദ്ദ അഭിപ്രായപ്പെട്ടത്. 
എഎപി ഏറെ പ്രതീക്ഷയോടെ അഭിമുഖീകരിച്ച ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടി ബിജെപിയുടെ മനോജ് സോങ്കറാണു വിജയിച്ചത്. തിരഞ്ഞെടുപ്പിൽ എഎപിക്ക് 12 വോട്ടുകളും ലഭിച്ചു. എട്ടുവോട്ടുകൾ അസാധുവാണെന്ന് പ്രിസൈഡിങ് ഓഫിസർ അനിൽ മാസിഹ് കണ്ടെത്തി. ഇതാണ് ആക്ഷേപത്തിനു വഴിവച്ചത്. മാസിഹ് മനഃപൂർവം എട്ടുവോട്ടുകൾ അസാധുവാക്കിയാണെന്നാണ് എഎപിയുടെ ആരോപണം. 

‘‘പകൽവെളിച്ചത്തിൽ നടന്ന വഞ്ചന ആശങ്കപ്പെടുത്തുന്നതാണ്. ഒരു മേയറുടെ തിരഞ്ഞെടുപ്പിൽ ഇങ്ങനെ തരംതാഴാമെങ്കിൽ രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏതറ്റംവരെയും പോകും. ഈ നടപടി വല്ലാതെ ആശങ്കപ്പെടുത്തുന്നതാണ്.’’ കേജ്‌രിവാൾ പറഞ്ഞു. 

അസാധുവായി പ്രഖ്യാപിച്ച എട്ടുവോട്ടുകൾ എഎപിക്ക് ലഭിച്ചതായിരുന്നുവെന്നാണ് എഎപി നേതാവ് രാഘവ് ഛദ്ദ അവകാശപ്പെട്ടത്. ‘‘ഈ നടപടി തികച്ചും ദേശദ്രോഹമാണ്. ഞങ്ങളുടെ എട്ടുവോട്ടുകളാണ് അസാധുവായി പ്രഖ്യാപിച്ചത്. ഒരു വോട്ട് അസാധുവായി പ്രഖ്യാപിക്കുമ്പോൾ പ്രിസൈഡിങ് ഓഫിസർ എല്ലാ പാർട്ടിയുടെയും ഏജന്റുമാരെ അതു വിളിച്ച് കാണിക്കേണ്ടതുണ്ട്. എന്നാൽ ഇന്ന് അതുണ്ടായില്ല. അസാധുവായി പ്രഖ്യാപിക്കുന്നതിനു മുൻപ് ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പ് ഏജന്റിനെയോ, ഡപ്യൂട്ടി കമ്മിഷണറെയോ കാണിച്ചിരുന്നില്ല. ഒരു മേയർ തിരഞ്ഞെടുപ്പിൽ അവർ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ എന്തുചെയ്യുമെന്ന് ആലോചിച്ചുനോക്കൂ’’ – രാഘവ് പറഞ്ഞു. ഇന്ത്യയെ ഉത്തര കൊറിയയാക്കാനുള്ള ശ്രമമാണോ ബിജെപി നടത്തുന്നതെന്ന് ചോദിച്ച രാഘവ് മാസിഹിനെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടു. 

തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി യൂണിറ്റിനെ അഭിനന്ദിച്ചുകൊണ്ടാണ് ബിജെപി ഈ ആരോപണങ്ങളോടു പ്രതികരിച്ചത്. ഇന്ത്യ മുന്നണിയുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നുവെന്നും അതിൽ ബിജെപിയോട് അവർ പരാജയപ്പെട്ടുവെന്നും ബിജെപി നേതാവ് ജെ.പി.നഡ്ഡ ചൂണ്ടിക്കാട്ടി. ഈ പരാജയം ഇന്ത്യ മുന്നണിയുടെ കണക്കുകൂട്ടലുകളൊന്നും വിജയിക്കുന്നില്ലെന്ന സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

English Summary:
Chandigarh Poll: Arvind Kejriwal accused the BJP of dishonesty


Source link

Related Articles

Back to top button