CINEMA

ബോക്സ്ഓഫിസില്‍ അടിപതറാതെ ‘വാലിബൻ’; വാരാന്ത്യ കലക്‌ഷൻ 24 കോടി

റിവ്യൂ ബോംബിങിനിടയിലും അടി പതറാതെ മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’. റിലീസ് െചയ്ത് ഒരാഴ്ച തികയുമ്പോൾ സിനിമയുടെ ആഗോള കലക്‌ഷൻ 24.02 കോടിയാണ്. ആദ്യ ദിവസം തന്നെ വാലിബനെതിരെ വലിയ ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുണ്ടായത്. അതൊന്നും സിനിമയെ ബാധിച്ചിട്ടില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. അതിനാല്‍ത്തന്നെ നാല് ദിവസം നീണ്ട അവധി ദിവസങ്ങളാണ് സിനിമയ്ക്കു ലഭിച്ചത്. 26 റിപബ്ലിക് ദിനം പൊതു അവധി ആയതിനാല്‍ മികച്ച വാരാന്ത്യ സാഹചര്യമായിരുന്നു തിയറ്ററുകളില്‍. കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷന്‍ 5.85 കോടി ആയിരുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ നാല് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം 11.02 കോടിക്കും 11.10 കോടിക്കുമിടയിലാണ് നേടിയിരിക്കുന്നത്. ജിസിസി, ഓവർസീസ് കലക്‌ഷൻ ഉൾപ്പടെ  12.27 കോടിയാണ് സിനിമയുടെ ആദ്യ ദിവസത്തെ ​ഗ്രോസ് കലക്‌ഷൻ. മോഹൻലാല്‍ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആണ് വാലിബൻ. 

പല ദേശങ്ങളിൽ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം. മോഹൻലാലിന്റെ ഗംഭീര ഫൈറ്റ് സീൻസും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. 

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. ഹിന്ദിയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനു ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപാണ്.

‘‘ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണ്.’’–മോഹൻലാൽ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത് ഇങ്ങനെ.
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെ കൂടാതെ വിദേശ താരങ്ങളും സിനിമയുടെ ഭാഗമാണ്.

English Summary:
Malaikottai Vaaliban Opening Weekend World Wide Gross Collection


Source link

Related Articles

Back to top button