‘മലൈക്കോട്ടൈ വാലിബൻ’ പോലൊരു സിനിമ മലയാളത്തിൽ ഇതിനു മുമ്പ് സംഭവിച്ചിട്ടില്ലെന്ന് നടനും സംവിധായകനുമായ മധുപാൽ. മലയാളം പോലെ ചെറിയൊരു ഇൻഡസ്ട്രിയിൽ നിന്നുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഇങ്ങനെയൊരു സിനിമയെടുക്കാൻ പറ്റുന്നുണ്ടല്ലോ. ലോകോത്തരമായ ദൃശ്യഭാഷയുള്ള ഈ സിനിമ മൊബൈലിന്റെയോ ടെലിവിഷന്റെയോ ചെറിയ സ്ക്രീനിൽ കാണേണ്ടതല്ലെന്നും വലിയ തിയറ്റർ കാഴ്ച ആവശ്യപ്പെടുന്നുണ്ടെന്നും മധുപാൽ മനോരമ ഓൺലൈനോട് പ്രതികരിച്ചു.
ക്രാഫ്ടുള്ള സിനിമാനുഭവം
തിയറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ചെറിയ സ്ക്രീനിൽ കാണേണ്ട ഒരു സിനിമയല്ല ഇത്. ലോകോത്തരമാണ് ഈ സിനിമയുടെ ദൃശ്യഭാഷ. ഫിലിം മെയ്ക്കിങ് രീതിയിലും ലോകോത്തരമാണ്. വെറുതെ കഥ പറഞ്ഞു പോവുകയല്ല. സിനിമയ്ക്കൊരു ക്രാഫ്ട് ഉണ്ട്. ഈ സിനിമ എന്റെ കുട്ടിക്കാലത്തെ ഓർമപ്പെടുത്തി. ഈ സിനിമയെ അമർ ചിത്രകഥയെന്നോ നാടോടിക്കഥയെന്നോ മുത്തശ്ശിക്കഥയെന്നോ സഞ്ചാര സിനിമയെന്നോ പറയാം. അങ്ങനെ പല രീതിയിൽ വ്യാഖ്യാനിച്ചെടുക്കാവുന്ന തലത്തിലേക്ക് ഈ സിനിമയെ വിവരിക്കാവുന്നതാണ്. അമ്മയും അമ്മൂമ്മയുമൊക്കെ പറഞ്ഞു തന്നിട്ടുള്ള കഥകൾ ഓർമ വന്നു. ഞാൻ കുട്ടിക്കാലത്ത് വായിച്ച പല പുസ്തകങ്ങളിലും അനുഭവിച്ചുള്ള ഒരു കാഴ്ച ഈ സിനിമയിൽ അനുഭവിക്കാൻ കഴിഞ്ഞു. മലൈക്കോട്ടൈ വാലിബൻ 100 ശതമാനവും സിനിമ എന്ന കലയ്ക്കുള്ള സമർപ്പണമാണ്. പ്രേക്ഷകനെന്ന രീതിയിൽ മലൈക്കോട്ടൈ വാലിബൻ എന്നെ രസിപ്പിച്ചിട്ടുണ്ട്- മധുപാൽ പറഞ്ഞു.
പ്രേക്ഷകർ ഉദ്ദേശിച്ച പോലെയാകണമെന്ന വാശി വേണോ?
വാലിബന് വിസ്മയിപ്പിക്കുന്ന ഒരു സ്വഭാവമുണ്ട്. ആദ്യം വന്നിറങ്ങുന്ന വാലിബനല്ല അവസാനം പ്രേക്ഷകർ കാണുന്ന വാലിബൻ. ആ കഥാപാത്രത്തിന് ഒരു വളർച്ചയുണ്ട്. സിനിമയ്ക്ക് ഫിലോസഫിക്കലായ ഒരു തലം കൂടിയുണ്ട്. സത്യത്തിന്റെ മുഖം പോലും കള്ളമെടുത്ത് അണിഞ്ഞെന്നു വരാം. മലയാളത്തിൽ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല. മോഹൻലാൽ എന്ന നടനെ വച്ച് ലിജോ ജോസ് പെല്ലിശ്ശേരി ഒരു സിനിമ ചെയ്യുമ്പോൾ, ഞാനുദ്ദേശിച്ച പോലെ അദ്ദേഹം ചെയ്യണമെന്ന ചിന്താഗതി ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതൊരു ഫ്രഷ് സിനിമയായി തന്നെ കാണണം. ഇതൊരു മോഹൻലാൽ ചിത്രമാണെന്നോ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയാണെന്നോ മുൻധാരണ കൂടാതെ ഈ സിനിമ കാണാൻ പറ്റും. അദ്ദേഹത്തിന്റെ ഡബിൾ ബാരൽ എനിക്കേറെ ഇഷ്ടപ്പെട്ട സിനിമ ആയിരുന്നു. അതൊരു ഹിറ്റ് സിനിമ അല്ല. എന്നാൽ ആ സിനിമ കാണിച്ചു തരുന്ന രസകരമായ മേക്കിങ് ഉണ്ട്.
സിനിമ അങ്ങനെയും ചെയ്യാമല്ലോ. ഒരു ചലച്ചിത്രകാരൻ മനസിൽ കണ്ട പോലെ സിനിമ ചെയ്തെടുക്കാൻ പറ്റിയെന്നതാണ് മലൈക്കോട്ടൈ വാലിബന്റെ ആദ്യത്തെ മേന്മ. പ്രേക്ഷകർ പറയുന്ന പോലെയാകണം എന്ന് വാശി പിടിക്കുന്ന ഒരു ചിന്താഗതി ഇപ്പോൾ കാണുന്നുണ്ട്. അങ്ങനെയല്ലാതെയും സിനിമ ചെയ്യാൻ പറ്റുമെന്നുള്ളതാണ് മലൈക്കോട്ടൈ വാലിബൻ കണ്ടപ്പോൾ തോന്നിയത്. ഇതിൽ ഇമോഷൻസുണ്ട്. സ്നേഹമുണ്ട്, പകയുണ്ട്. വൈരാഗ്യമുണ്ട്. മനുഷ്യൻ കേൾക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന എല്ലാ രസങ്ങളും ഇതിലുണ്ട്. മനോഹരമായ പ്രണയവും വിരഹവുമുണ്ട്. ഞാൻ വിചാരിച്ച പോലെയല്ല സിനിമ എന്നു പറയുമ്പോഴുള്ള അകൽച്ചയുണ്ടല്ലോ. അതാണ് ഒരു കാര്യം. ലോകത്തിലെ എല്ലാവരെയും രസിപ്പിച്ച് ഒരു കർമവും ചെയ്യാൻ കഴിയില്ല, മധുപാൽ പറയുന്നു.
ഇങ്ങനെയും സിനിമകൾ വേണം
ലോകത്ത് ഇതുപോലെ പല തരത്തിലുള്ള സിനിമകളുണ്ടായിട്ടുണ്ട്. മലയാളത്തിൽ അങ്ങനെയൊന്നു വരുമ്പോൾ സ്വീകരിക്കണം. കാലം കുറെ കഴിയുമ്പോൾ ഇതൊരു മഹത്തരമായ സിനിമയാണെന്നു പറയുന്ന തലമുറ ഉണ്ടായേക്കാം. പുതിയ തലമുറയുടെ വായനയുടെ രീതികൾ അമർ ചിത്രകഥ പോലെയോ അമ്പിളി അമ്മാവൻ പോലെയോ ഉള്ള കഥകൾ ആവണമെന്നില്ല. ഞാൻ അടച്ചാക്ഷേപിക്കുന്നതല്ല. പുതിയ തലമുറയ്ക്ക് അങ്ങനെയൊരു ഫീൽ കിട്ടണമെന്നില്ല. അത് നിർബന്ധം പിടിക്കാനും പറ്റില്ല. അതെല്ലാം ഓരോ മനുഷ്യരുടെയും അഭിരുചിയും കാഴ്ചപ്പാടുമാണ്. ഒരു കഥയും കഥാപാത്രങ്ങളും നമ്മുടെ പുറകെ വരുന്നു എന്നു പറയുന്ന പറ്റേണിലുള്ള ഫിലിം മേക്കിങ് രീതിയാണ് ഈ സിനിമയിൽ ഞാൻ കണ്ടത്. സിനിമ കാഴ്ചയും അനുഭവവും ആണല്ലോ. എനിക്കു കിട്ടുന്ന അനുഭവം ആയിരിക്കില്ല വേറെ ഒരാൾക്കു കിട്ടുക. മലയാളം പോലെ ചെറിയൊരു ഇൻഡസ്ട്രിയിൽ നിന്നുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഇങ്ങനെയൊരു സിനിമയെടുക്കാൻ പറ്റുന്നുണ്ടല്ലോ. അങ്ങനെയും സിനിമകളുണ്ടാകണം.
എന്നും എപ്പോഴും അടി, ബഹളം, വെടിവെപ്പ് പോലുള്ള സിനിമകൾ മതിയോ? അതും ഇതിലില്ലേ? എല്ലാം വേറെ രീതിയിലാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ സിനിമ ചെയ്യാൻ പറ്റുമെന്നതല്ലേ ഈ സിനിമയുടെ മഹത്വം. നമ്മൾ എന്തുകൊണ്ട് അത് തിരിച്ചറിയുന്നില്ല? മനുഷ്യന്റെ വികാരവിചാരങ്ങൾ വേറെയൊരു പാറ്റേണിൽ ദൃശ്യങ്ങളുപയോഗിച്ച് ട്രീറ്റ്മെന്റിൽ വ്യത്യാസം വരുത്തിക്കൊണ്ട് ഒരു സിനിമ ചെയ്യുന്നു എന്നതു തന്നെയാണ് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ മേന്മയായി ഞാൻ കാണുന്നത്, മധുപാൽ പറഞ്ഞുനിർത്തി.
English Summary:
Madhupal Praises Malaikottai Vaaliban
Source link