മണിപ്പുർ: മെയ്തെയ്-കുക്കി അതിർത്തിയിൽ വെടിവയ്പ്
കൊൽക്കത്ത ∙ മണിപ്പുരിൽ മെയ്തെയ്-കുക്കി അതിർത്തി പ്രദേശങ്ങളിലെ ബഫർ സോണുകളിൽ സംഘർഷം തുടരുന്നു. ബിഷ്ണുപുരിൽ ബങ്കർ തകർന്ന് മെയ്തെയ് വിഭാഗക്കാരനായ വാരെപം കിരൺ കൊല്ലപ്പെട്ടു. കിരണും ഏതാനും ഗ്രാമവാസികളും ചേർന്ന് ബങ്കർ നിർമിക്കുന്നതിനിടെ കുന്നിൻ മുകളിൽ നിന്ന് വെടിവച്ചതിനെ തുടർന്നാണ് ബങ്കർ തകർന്നത്. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. കാങ്പോക്പി ജില്ലാ അതിർത്തിയിലും കഴിഞ്ഞ ദിവസം വെടിവയ്പ് നടന്നു. മോറെയിലും മണിപ്പുർ കമാൻഡോകളും കുക്കി സായുധഗ്രൂപ്പുകളും തമ്മിൽ ഒറ്റപ്പെട്ട വെടിവയ്പ് നടക്കുന്നു. സൈകുലിൽ ഐഗജാങ് ഗ്രാമത്തിലെ ക്രിസ്ത്യൻ പള്ളി അക്രമികൾ തകർത്തു.
ബിരേൻ സിങ് സർക്കാരിൽ നിന്ന് രാജിവച്ചുവെന്ന വാർത്ത തെറ്റാണെന്ന് കുക്കി മന്ത്രി ലെറ്റ്പാവോ ഹോകിപ് പറഞ്ഞു. ബിജെപിയിൽ നിന്നോ മന്ത്രിസഭയിൽ നിന്നോ രാജിവച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിരേൻസിങ് സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ 16 കിലോമീറ്റർ സ്വതന്ത്രസഞ്ചാരത്തിനുള്ള ഫ്രീ മൂവ്മെന്റ് റെജിം പിൻവലിക്കാനും അതിർത്തിയിൽ വേലികെട്ടാനുമുള്ള നീക്കത്തെ നാഗാ ഗോത്രവിഭാഗങ്ങളും എതിർത്തു. ഒന്നിച്ചു ജീവിച്ചിരുന്ന ജനങ്ങളുടെ ചരിത്രം മായ്ച്ചുകളയാനുള്ള ശ്രമമാണ് ഇതെന്നും നാഗാകളും കുക്കി-സോ ഗോത്രങ്ങളും ഇതിനെതിരെ ഒന്നിക്കുമെന്നും റൈസിങ് പീപ്പിൾസ് പാർട്ടി പറഞ്ഞു. മെയ്തെയ് സായുധ ഗ്രൂപ്പുകൾക്ക് വെടിയുണ്ടകൾ വാങ്ങുന്നതിനായി പണം ശേഖരിച്ച മിസോറം സർവകലാശാല പിഎച്ച്ഡി വിദ്യാർഥിനി തെരേസ നിങ്തുജാമിനെ പുറത്താക്കണമെന്ന് സർവകലാശാലാ സൂപ്പർവൈസറും മിസോ സ്റ്റുഡന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.
English Summary:
Firing on Meithei-Kuki border in Manipur
Source link