ന്യൂഡൽഹി: ഇന്ത്യയുടെ പേസ് ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്കെതിരേ മോശം പെരുമാറ്റത്തിന് ശിക്ഷാ നടപടിക്കൊരുങ്ങി ഐസിസി. ഇംഗ്ലണ്ട് ബാറ്റർ ഒലി പോപ്പിനോട് മോശമായി പെരുമാറിയതിനാണ് നടപടി. ഹൈദരാബാദിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. ഇംഗ്ലണ്ട് ബാറ്റിംഗ് നെടുംതൂണായി നിന്ന ഒലി പോപ്പ് റണ്ണിനായി ഓടുന്നതിനിടെ തടസം സൃഷ്ടിച്ച ബുംറ തോളുകൊണ്ട് ഇടിച്ചു. ഐസിസി അച്ചടക്കനിയമം പ്രകാരം ലെവൽ വണ്‍ കുറ്റമാണ് ബുംറ ചെയ്തിരിക്കുന്നത്. ശിക്ഷാനടപടിയുടെ ഭാഗമായി ഐസിസി ബുംറയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്റും നൽകി.
രണ്ടാം ഇന്നിംഗ്സിലെ 81-ാം ഓവറിലാണ് സംഭവം. റണ്ണിനായി ഓടാൻ ചുവടുകളെടുത്ത പോപ്പുമായി ബുംറ കൂട്ടിയിടിച്ചിരുന്നു. ഇത് മനഃപൂർവമാണെന്നാണ് ഐസിസി കണ്ടെത്തൽ. മാച്ച് റഫറിയായ റിച്ചീ റിച്ചാർഡ്സണിന്റെ കണ്ടെത്തൽ ബുംറ അംഗീകരിച്ചതിനാൽ ഒൗദ്യോഗിക വിശദീകരണം നൽകാൻ ഹാജരാകേണ്ടതില്ല. അതേസമയം കഴിഞ്ഞ ഒരുവർഷത്തിനിടെ ബുംറ ശിക്ഷാ നടപടി നേരിടുന്നത് ആദ്യമായതിനാൽ സസ്പെൻഷൻ ലഭിക്കില്ല.
Source link