പട്ന∙ ബിഹാർ നിയമസഭാ സ്പീക്കർ അവധ് ബിഹാറി ചൗധരിക്കെതിരെ ബിജെപി അംഗം നന്ദകിഷോർ യാദവ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകി. ബിഹാറിൽ പുതിയ സർക്കാർ അധികാരമേറ്റതോടെ നിലവിലുള്ള സ്പീക്കറിൽ സഭയ്ക്കു വിശ്വാസം നഷ്ടപ്പെട്ടുവെന്ന കാരണമുന്നയിച്ചാണ് നോട്ടിസ് നൽകിയത്.
നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ അവിശ്വാസ പ്രമേയത്തെ നേരിടുന്ന സ്പീക്കർക്ക് സഭാധ്യക്ഷ സ്ഥാനം വഹിക്കാനും സഭാ നടപടികൾ നിയന്ത്രിക്കാനുമാകില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനു മുൻപു പുതിയ സ്പീക്കർ ചുമതലയേൽക്കണം. അവിശ്വാസ പ്രമേയത്തിനു നോട്ടിസുള്ള സാഹചര്യത്തിൽ സ്പീക്കർ അവധ് ബിഹാറി ചൗധരി രാജിവച്ചേക്കും. ആർജെഡി പ്രതിനിധിയാണ് അവധ് ബിഹാറി ചൗധരി.
അവിശ്വാസ പ്രമേയത്തെ നേരിടാൻ ആർജെഡി തീരുമാനിച്ചാൽ നിതീഷ് കുമാർ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനു മുൻപു തന്നെ സഭയിൽ ഭരണപക്ഷ – പ്രതിപക്ഷ ബലപരീക്ഷണമുണ്ടാകും. നിലവിൽ എൻഡിഎയ്ക്ക് 128, മഹാസഖ്യത്തിന് 114 എന്നിങ്ങനെയാണ് അംഗബലം. എഐഎംഐഎം എംഎൽഎ അക്തറുൽ ഇമാൻ ഇരുപക്ഷത്തുമല്ല.
Source link