CINEMA

‘സംഘി’ മോശം വാക്കെന്ന് മകള്‍ പറഞ്ഞിട്ടില്ല: വിശദീകരണവുമായി രജനി

അച്ഛൻ സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി രജനികാന്ത്. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‍ഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജനി കൂട്ടിച്ചേര്‍ത്തു. ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
ഐശ്വര്യ തന്നെ സംവിധാനം ചെയ്യുന്ന ലാല്‍സലാമിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്.  ഒരുപാട് ആളുകൾ അച്ഛനെ സംഘിയെന്ന് മുദ്രകുത്തുന്നുെവന്നും അത് ഏറെ വേദനിപ്പിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞിരുന്നു. 

‘‘സമൂഹ മാധ്യമങ്ങളിൽ നിന്നു മാറിനിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്നാൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് എന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും അവർ കാണിച്ചുതരും. അതെല്ലാം കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്. ഞങ്ങളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകൾ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, അത് എന്നെ വേദനിപ്പിക്കുന്നു. അതിന്റെ അർഥം എന്താണെന്ന് എനിക്കറിയില്ല. സംഘിയുടെ അർഥം എന്താണെന്ന് ചിലരോട് ചോ​ദിച്ചു. 

ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുകയെന്ന് അവർ പറഞ്ഞു. ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആ​ഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം ”ലാൽസലാം” പോലൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ.

35 വർഷമായി അച്ഛൻ നേടിയെടുത്ത കീർത്തിയാണിത്. ഒരാൾക്കു പോലും, അത് മകളായാൽ പോലും അതു വച്ച് കളിക്കാൻ അവകാശമില്ല. അച്ഛനൊപ്പം ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ സന്ദേശമാണ് ഇതദ്ദേഹം തിരഞ്ഞെടുക്കാനുള്ള കാരണം.’’–ഐശ്വര്യ രജനികാന്തിന്റെ വാക്കുകൾ.
മകള്‍ സംസാരിക്കുന്നത് കേട്ട് നിറകണ്ണുകളോടെ രജനിയിരിക്കുന്നതും വാര്‍ത്തയായിരുന്നു. 

English Summary:
Rajinikanth defends daughter Aishwarya: ‘She never said Sanghi was a bad word’


Source link

Related Articles

Back to top button