ത്രില്ലടിപ്പിക്കാൻ ടൊവിനോ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രെയിലർ
ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ട്രെയിലർ എത്തി. സിനിമ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. എസ്ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായി ടൊവിനോ എത്തുന്നു. എണ്‍പതുകളാണ് കഥാപശ്ചാത്തലം.
ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രീദേവി കൊലപാതക കേസിന് പിന്നാലെ എസ്ഐ ആനന്ദ് നാരായണനും സംഘവും എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കുറ്റാന്വേഷണ പശ്ചാത്തലത്തിലെത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. നവാഗതനായ ഡാർവിൻ കുര്യാക്കോസ്സാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘കൽക്കി’ക്കും ‘എസ്ര’യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്.
തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് നിർമാണം. ഈ സിനിമയുടെ നിർമാതാവും സംവിധായകനുമായ ഡോൾവിനും ഡോൾവിനും ഡാർവിനും ഇരട്ട സഹോദരന്മാരാണ്.
വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ കാൻവാസിലാണ് സിനിമയുടെ അവതരണം. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.
ഈ ചിത്രത്തിനു വേണ്ടി വലിയ ബജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു ജെ., പിആർഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
English Summary:
Watch Anweshippin Kandethum Official Trailer
Source link