CINEMA

കരൺ ജോഹർ പറഞ്ഞ ആ തെന്നിന്ത്യൻ സൂപ്പർതാരം പൃഥ്വിരാജ്; ഉറപ്പിച്ച് ആരാധകരും

‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണെന്നുള്ള സൂചനയുമായി കരൺ ജോഹർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് താൻ നിര്‍മിക്കുന്ന പുതിയ സിനിമയുടെ സൂചനകളുമായി കരൺ എത്തിയത്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്താത്ത കുറിപ്പിൽ സിനിമയിലെ പ്രധാന താരങ്ങളെയും ചിത്രത്തിന്റെ പേരും ശരിയായി ഊഹിച്ചു പറയുന്നവരെ ചിത്രം കാണാൻ ക്ഷണിക്കുമെന്നും കരൺ കുറിച്ചു. ഒരു തെന്നിന്ത്യൻ സൂപ്പർതാരത്തെയാണ് സിനിമയിൽ അവതരിപ്പിക്കുമെന്ന് സൂചന നൽകിയ കുറിപ്പിൽ അദ്ദേഹത്തിന്റെ പേര് പറയാൻ കഴിയുമോ എന്നും കരൺ ആരാധകരോട് ചോദിക്കുന്നുണ്ട്. കരൺ സൂചിപ്പിച്ച സൂപ്പർ താരം മലയാളികളുടെ പൃഥ്വിരാജ് ആണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.  
“ഇതൊരു സിനിമാ പ്രഖ്യാപനമല്ല! പക്ഷേനിങ്ങളുടെ സഹായമുണ്ടെങ്കിൽ ഇതൊരു സിനിമയുടെ തുടക്കമായേക്കാം. ഏവർക്കും കൗതുകമുണർത്താൻ സാധ്യതയുള്ള ഈ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ഒരു വർഷമായി ഞങ്ങൾ. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അണിയറപ്രവർത്തകരോട് പോലും വെളിപ്പെടുത്താതെ മൂടിവച്ചതിനു കാരണം ചിത്രത്തിന്റെ സംവിധായകൻ എടുത്ത തീരുമാനമായിരുന്നു. നിങ്ങളെ ആവേശം കൊള്ളിക്കാൻ സാധ്യതയുള്ള ചില സൂചനകൾ ഞാൻ നിങ്ങൾക്ക് തരാം. ഒന്ന് അടുത്തിടെ തെന്നിന്ത്യയിൽ സിനിമാമേഖലയെ വിസ്മയിപ്പിച്ച ഒരു പാന്‍ ഇന്ത്യൻ ചിത്രത്തിലെ സൂപ്പർ താരം. സിനിമയിൽ വൈകാരിക പ്രകടനവും ഊർജവും കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ഒരു പ്രിയ നടി.  

പാരമ്പര്യമായി പകർന്നുകിട്ടിയ അഭിനയകലയോടൊപ്പം സിനിമയിൽ സ്വന്തം സ്ഥാനം കണ്ടെത്താൻ അക്ഷീണം പരിശ്രമിക്കുന്ന ഒരു നവാഗത നടൻ.  മഹത്തായ പാരമ്പര്യമുണ്ടെങ്കിലും ജോലിയിൽ കഴിവാണ് പ്രധാനമെന്ന് മനസ്സിലാക്കി കഠിനാധ്വാനം ചെയ്യുന്ന യുവാവാണ് അയാൾ.  ചിത്രം തയാറാണ്, ഞങ്ങൾ അത് ഉടൻ റിലീസ് ചെയ്യും.  ആർക്കെങ്കിലും ഊഹിക്കാൻ കഴിയുന്നുണ്ടോ? സിനിമയുടെ പേരും മറ്റെല്ലാ സർപ്രൈസുകളും ശരിയായി ഊഹിക്കുന്നവരെ ഈ സിനിമ കാണാൻ ഞങ്ങൾ ക്ഷണിക്കുന്നതാണ്.’’ കരൺ ജോഹർ കുറിച്ചു.   

കരൺ ജോഹർ പരാമർശിച്ച സൂപ്പർ താരം മലയാളത്തിലെ പൃഥ്വിരാജ് സുകുമാരൻ ആണെന്നാണ് കമന്റുകൾ വരുന്നത്. ‘സലാർ’ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പൃഥ്വിയുടെ പ്രകടനം ചർച്ചയായിരുന്നു.കരൺ ജോഹർ സൂചന നൽകിയ പ്രിയപ്പെട്ട നടി കാജോൾ ആണെന്നും, പാരമ്പര്യമായി അഭിനയവാസനയുള്ള പുതുമുഖ താരം സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകൻ ഇബ്രാഹിം അലി ഖാൻ ആണെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കരണിന്റെ അവസാന ചിത്രമായ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യിലും സംവിധാന സഹായി ആയിരുന്നു ഇബ്രാഹിം അലി. 

കരൺ ജോഹർ, കജോൾ, ഇബ്രാഹിം അലി, പൃഥ്വിരാജ് സുകുമാരന്‍

പ്രമുഖ നടൻ ബൊമൻ ഇറാനിയുടെ ഇളയ മകൻ നവാഗതനായ കയോസെ ഇറാനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഈ വർഷം പകുതിയോടെ റിലീസ് ചെയ്തേക്കും.

ഇതാദ്യമായല്ല കരൺ ജോഹറും പൃഥ്വിരാജും കൈകോർക്കുന്നത്. ഡ്രൈവിങ് ൈലസൻസ് എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിർമിച്ചത് പൃഥ്വിരാജും കരൺ ജോഹറും ചേർന്നായിരുന്നു. അതേസമയം ബോളിവുഡിൽ നിന്നും മറ്റൊരു ചിത്രം കൂടി പൃഥ്വിയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. അക്ഷയ് കുമാർ നായകനാകുന്ന ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ എന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

English Summary:
Karan Johar hints at a new movie, fans guess it’s Sarzameen with Ibrahim, Kajol


Source link

Related Articles

Back to top button