ലക്ഷ്മീദേവിയുടെ പ്രതിരൂപം; ഈ ദിവസങ്ങളിൽ തുളസി നുള്ളരുത്; പ്രദക്ഷിണത്തിന് ഈ മന്ത്രം

പൂജാപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ളതും ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണിത്. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത് എന്നാണർഥം. തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതിനാലാണ് ഈ പേരുവന്നത്. മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു.

ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ് തുളസി. അതുകൊണ്ടുതന്നെ പാരമ്പര്യശാസ്ത്രങ്ങൾ തുളസിക്ക് പരമപവിത്രമായ സ്ഥാനമാണ് നൽകിവരുന്നത്. തുളസി നിൽക്കുന്ന മണ്ണ് പോലും ശുദ്ധീകരിക്കപ്പെടുമെന്നാണ് വിശ്വാസം. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി. പ്രമുഖ പുരാണങ്ങളിലെല്ലാം തുളസിയുടെ മഹാത്മ്യത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്. തുളസിയുടെ മഹത്വം വെളിവാക്കുന്ന ചില എഹ്യങ്ങൾ നിലവിലുണ്ട്. പത്മപുരാണത്തിൽ തുളസിയെ പറ്റി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മരണസമയത്ത് വിഷ്ണുഭഗവാനെ സ്മരിക്കുന്നയാൾ വിഷ്ണുപാദത്തിലെത്തും. തുളസിവിറകുകൊണ്ട് ദഹിപ്പിക്കപ്പെടുന്നയാളിന് പുനർജന്മം ഉണ്ടാകില്ല. അന്തരിച്ച വ്യക്തി പാപം ചെയ്യുന്ന ആളോ, പുണ്യം ചെയ്യുന്ന ആളോ ആയിക്കൊള്ളട്ടെ, തുളസി ചേർത്ത് ചിതയൊരുക്കിയാൽ അയാൾ പാപമുക്തനായി സ്വർഗ്ഗസ്ഥനാകും.

പൂജകളിലെ പ്രധാനപ്പെട്ട ഇനമാണ് തുളസി. വിഷ്ണു ഭഗവാന്റെയും, വിഷ്ണുഭഗവാന്റെ അവതാരങ്ങളുടേയും പൂജകളിൽ പ്രധാനമായും തുളസി ഉപയോഗിക്കുന്നു. ഭക്തിപൂർവ്വമുള്ള തുളസി സമർപ്പണത്തിലൂടെ ദേവപ്രീതി പെട്ടെന്ന് ലഭിക്കുന്നു എന്നാണ് വിശ്വാസം. പ്രഭാതത്തിലും, സന്ധ്യയിലും ശരീര ശുദ്ധിക്ക് ശേഷം തുളസി ശരീരത്തിൽ അരച്ചു പുരട്ടി വിഷ്ണുഭഗവാനെ പൂജിച്ചാൽ ആ ഒരു ദിവസം കൊണ്ടുതന്നെ നൂറുപൂജയുടെ ഫലം ലഭിക്കും. ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് വിഷ്ണുഭഗവാന്റെ മുന്നിൽ നിലവിളക്കിൽ ദീപം തെളിയിച്ചാൽ ലഭിക്കുക ലക്ഷം ദീപം തെളിയിച്ചാലുണ്ടാകുന്ന പുണ്യഫലങ്ങലാണ്.

ദേവസമർപ്പണത്തിനായി തുളസിയില ഇറുത്തെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. തുളസിച്ചെടിക്ക് വെള്ളമൊഴിച്ചശേഷം, വിഷ്ണുഭഗവാനെ മനസ്സിൽ ധ്യാനിച്ച് തുളസിച്ചെടിയെ മൂന്നുതവണ പ്രദക്ഷിണം ചെയ്തിട്ടുവേണം തുളസി ഇല ഇറുത്തെടുക്കുവാൻ. ഇങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ശരീരശുദ്ധി ഉണ്ടായിരിക്കണം. തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി ചെല്ലാൻ പാടില്ല. തുളസി നുള്ളുന്നത് പകല്‍ സമയത്ത് കിഴക്കോട്ട് തിരിഞ്ഞുവേണം. കറുത്തവാവ്‌, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്.

ഭവനങ്ങളിൽ തുളസിത്തറ നിർമ്മിച്ച് അതിൽ തുളസി വളർത്തുന്നത് എൈശ്വര്യപ്രദമാണ്. കൃഷ്ണ തുളസിയാണ് ഉത്തമമായത്. വീടിന്റെ കിഴക്കുഭാഗത്തായി പ്രധാന വാതിലിന് നേർക്ക് തുളസിത്തറ പണിതാൽ ഫലങ്ങൾ ഏറും. ഗൃഹത്തിന്റെ തറയിരിപ്പിൽ നിന്നും തുളസിത്തറ താഴ്ന്നുപോകുവാൻ പാടില്ല. ഒന്നിലധികം തൈകൾ തുളസിത്തറയിൽ നട്ടുവളർത്താം. തുളസി നട്ടിരിക്കുന്ന മണ്ണ് ശുദ്ധമായി സംരക്ഷിക്കണം. നിത്യേന വെള്ളമൊഴിച്ച് കൊടുക്കണം. അശുദ്ധമെന്നു തോന്നുന്ന ഒന്നും തുളസിയുടെ മണ്ണിൽ നിക്ഷേപിക്കുകയും അരുത്.
സന്ധ്യസമയത്ത് മന്ത്രജപങ്ങളോടെ തുളസിയെ വലംവയ്ക്കുന്നതും തുളസിത്തറയിൽ സന്ധ്യാദീപം തെളിയിക്കുന്നതും മികച്ച ഫലങ്ങൾ നൽകും. പൂജാവിധികൾക്കും, ശുദ്ധിയോടെ ഭക്തിപുരസരം സ്ത്രീകൾക്ക് തലയിൽ ചൂടാനും, ഒൗഷധ നിർമാണത്തിനുമല്ലതെ തുളസിയില ഇറുക്കരുത്. കാരണം തുളസി അത്ര പരിപാവനവും അമൂല്യവുമായ ഒരു ചെടിയാണ്. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ദശാകാലങ്ങളുള്ളവര്‍ തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിക്ക് ഉത്തമമാണ്. പൂജയ്ക്കായോ ഔഷധത്തിനായോ മാത്രമേ തുളസി നുള്ളാൻ പാടുള്ളൂ. ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ പാരണവിടുന്നതിന്‌ മുന്‍പ്‌ തുളസിച്ചുവട്ടില്‍ വെള്ളമൊഴിക്കുകയും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നത്‌ ഉത്തമമാണ്.തുളസിത്തറയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ മന്ത്രം ജപിക്കാം’പ്രസീദ തുളസീ ദേവിപ്രസീദ ഹരി വല്ലഭേക്ഷീരോദ മഥനോദ്ഭൂതേതുളസീ ത്വാം നമാമ്യഹം’

English Summary:
Things to keep in mind while plucking Tulsi leaves


Source link
Exit mobile version