INDIALATEST NEWS

ഗവർണർക്ക് സിആർപിഎഫ് സുരക്ഷ: കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി, നാളെ രാജ്ഭവനിൽ അവലോകന യോഗം

തിരുവനന്തപുരം∙ ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് കൈമാറിയത്. സിആർപിഎഫിനെ ഉപയോഗിച്ച് സെഡ് പ്ലസ് സുരക്ഷ കൈമാറണമെന്നാണ് ഉത്തരവിൽ പറയുന്നത്. സുരക്ഷാക്രമീകരണം നിശ്ചയിക്കാൻ നാളെ രാജ്ഭവനിൽ അവലോകന യോഗം ചേരും. കേരള പൊലീസ്, സിആർപിഎഫ്, രാജ്ഭവൻ പ്രതിനിധികൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുക്കും.
എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെയാണു ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘമാണ് ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. 41 പേർ ഒരു സമയം ഗവർണർക്കൊപ്പം ഡ്യൂട്ടിക്കുണ്ടാകും. ഗവർണർ രാജ്യത്തെവിടെപ്പോയാലും സെഡ് പ്ലസ് സുരക്ഷയൊരുക്കണമെന്നാണ് എല്ലാ സംസ്ഥാനങ്ങൾക്കും ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്.

വിഐപി സുരക്ഷയ്ക്കായി പ്രത്യേക പരിശീലനം ലഭിച്ച സിആർപിഎഫ് ഡിവിഷൻ ദക്ഷിണേന്ത്യയ്ക്കായി ബെംഗളൂരുവിലാണുള്ളത്. സിആർപിഎഫ് സേനാംഗങ്ങൾക്ക് ബാരക്കും മെസ്സും ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ രാജ്ഭവന് നിർദേശം നൽകി. ഗവർണർ താമസിക്കുന്ന സ്ഥലവും യാത്രയുമെല്ലാം ഈ സുരക്ഷാ ടീമിന്റെ ചുമതലയിലായിരിക്കും.

English Summary:
Central government handed over the Z Plus security order to state


Source link

Related Articles

Back to top button