മാലദ്വീപ് പാർലമെന്റിൽ എംപിമാർ തമ്മിൽതല്ലി
മാലെ: മാലദ്വീപ് പാർലമെന്റിൽ കൈയാങ്കളി. എംപിമാർ ചേരിതിരിഞ്ഞ് അടിപിടികൂടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭാംഗങ്ങൾക്ക് അംഗീകാരം നല്‍കാനായി ഇന്നലെ ചേർന്ന പ്രത്യേക സെഷനിടെയാണു നാണംകെട്ട സംഭവങ്ങളുണ്ടായത്. ഭരണപക്ഷത്തെ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) എംപിമാർ പ്രതിപക്ഷ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളെ തടഞ്ഞതാണു പ്രശ്നത്തിന്റെ കാരണം. പ്രതിപക്ഷ പാർട്ടിക്കാണു പാർലമെന്റിൽ ഭൂരിപക്ഷം. മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നല്‍കില്ലെന്ന നിലപാട് ഇവർ സ്വീകരിച്ചതാണു ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.
പുറത്തുവന്ന വീഡിയോകളിൽ, എംപിമാർ സ്പീക്കറുടെ കസേരയ്ക്കടുത്ത് കാഹളം ഊതുന്നതും പരസ്പരം തല്ലുപിടിക്കുന്നതും തള്ളുന്നതും കാലിൽ പിടിച്ച് നിലത്തിടുന്നതും കഴുത്തിൽ ചവിട്ടുന്നതുമൊക്കെ കാണാം. കുറഞ്ഞത് ഒരു എംപിയെ എങ്കിലും ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. മാലദ്വീപിൽ പുതുതായി അധികാരമേറ്റ പ്രസിഡന്റ് മുയിസുവും അദ്ദേഹത്തിന്റെ പാർട്ടിയും ചൈനയെ പിന്തുണയ്ക്കുന്നവരും പ്രതിപക്ഷം ഇന്ത്യാ അനുകൂലികളുമാണ്.
Source link