ഇസ്താംബൂൾ: തുർക്കിയിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്കാ ദേവാലയത്തിനുള്ളിൽ അതിക്രമിച്ചു കടന്ന തോക്കുധാരികൾ ഒരാളെ വെടിവച്ച് കൊലപ്പെടുത്തി. ഇസ്താംബൂൾ നഗരപ്രാന്തത്തിലെ യൂറോപ്യൻ ഭാഗത്തുള്ള സാരിയെർ എന്ന സ്ഥലത്തെ സെന്റ് മേരീസ് പള്ളിയിൽ പ്രാദേശികസമയം ഇന്നലെ രാവിലെ 11.40നായിരുന്നു സംഭവം. മുഖംമൂടിധാരികളായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരമന്ത്രി അലി യെർലികായ പ്രസ്താവനയിൽ അറിയിച്ചു.ഓടിരക്ഷപ്പെട്ട അക്രമികൾക്കായി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചത് 52 വയസുള്ള തുർക്കി പൗരനാണെന്നും ആർക്കും പരിക്കില്ലെന്നും ഒരാളെ മാത്രം ലക്ഷ്യമിട്ടാണു അക്രമികൾ എത്തിയതെന്നും ദേവാലയത്തിനു പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഇസ്താംബൂൾ ഗവർണർ ദാവുദ് ഗുൽ പറഞ്ഞു.
എന്നാൽ, മതപരമായ അസഹിഷ്ണുതയാണു കൊലപാതകത്തിനു പിന്നിലെന്ന് ഇസ്താംബുളിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാസിമിലിയാനോ പാളിനൂറോ പറഞ്ഞു. പ്രസിഡന്റ് തയ്യിപ് എർദോഗൻ ദേവാലയ വികാരിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. തുർക്കിയിൽ ആകെ 25000 കത്തോലിക്കരാണുള്ളത്.
Source link