മെൽബണ്‍: അവസാന ശ്വാസം വരെ പൊരുതുന്ന ഗ്ലാഡിയേറ്ററിനെപ്പോലെ യാനിക് സിന്നർ കളം നിറഞ്ഞു കളിച്ചപ്പോൾ ഡാനിൽ മെദ്്വദേവിന് റോഡ് ലേവർ അറീന ഒരിക്കൽ കൂടി നിരാശ സമ്മാനിച്ചു. ആദ്യ രണ്ടു സെറ്റുകൾ നഷ്ടമായ ശേഷം അവിശ്വസനീയമാം വിധം തിരിച്ചുവരവ് നടത്തിയ സിന്നറിനു മുന്പിൽ റഷ്യൻ താരത്തിനു മറുപടിയില്ലായിരുന്നു. ഇറ്റാലിയൻ താരം മാച്ച് പോയിന്റിലേക്ക് ഉതിർത്ത ഫോർഹാൻഡ് വിന്നർ പാഞ്ഞത് ചരിത്രത്തിലേക്കാണ്. ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം. 3-6,3-6,6-4,6-4,6-3 എന്ന സ്കോറിന് സിന്നർ തന്റെ കന്നി ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടപ്പോൾ ഏറെക്കുറെ അത് 2022ലെ ഫൈനലിന്റെ തനിയാവർത്തനമായി. അന്ന് നദാൽ എങ്കിൽ ഇന്ന് സിന്നർ എന്ന വ്യത്യാസം മാത്രം. രണ്ടു തവണയും വിധി മെദ്വദേവിനെതിരായിരുന്നു. ഓപ്പണ്‍ കാലഘട്ടത്തിൽ രണ്ടു സെറ്റുകൾക്ക് മുന്നിട്ടു നിന്ന ശേഷം രണ്ടു തവണ ഗ്രാൻ്സ്ലാം ഫൈനൽ തോൽക്കുന്ന ആദ്യ താരമായും മെദ്വദേവ് മാറി. മാരറ്റ് സഫിനു (2005) ശേഷം ഓസ്ട്രേലിയൻ ഓപ്പണ്‍ നേടുന്ന ആദ്യ റഷ്യക്കാരനാകാനുറച്ചാണ് മെദ്വദേവ് റോഡ് ലേവർ അറീനയിൽ ഇറങ്ങിയത്. ഇവിടെ 10 തവണ ചാന്പ്യനായ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചെത്തിയ സിന്നറിന്റെ ആദ്യ രണ്ടു സെറ്റുകളിലെ മോശം പ്രകടനം ആ സാധ്യത വർധിപ്പിക്കുകയും ചെയ്തു. കന്നി ഗ്രാൻസ്ലാം ഫൈനലിന്റെ സമ്മർദ്ദം ഇറ്റാലിയൻ താരത്തെ പിടികൂടിയോ എന്നു വരെ ആരാധകർ സംശയിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ മെദ്വദേവിന്റെ അഞ്ചാം സർവീസ് ഗെയിം ബ്രേക്ക് ചെയ്ത് സെറ്റ് സ്വന്തമാക്കിയ സിന്നറിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മെദ്വദേവുമായി ഏറ്റുമുട്ടിയ അവസാന മൂന്നു മത്സരങ്ങളിലും ജയിക്കാനായതിന്റെ ആത്മവിശ്വാസം തുളുന്പുന്ന പ്രകടനമാണ് പിന്നീട് ഇറ്റാലിയൻ താരം പുറത്തെടുത്തത്. അവസാനത്തെ ഫോർഹാൻഡ് വിന്നറോടെ അത് പൂർത്തിയാവുകയും ചെയ്തു. 50 വിന്നറുകളും 14 എയ്സുകളുമാണ് ഫൈനലിൽ സിന്നറിന്റെ റാക്കറ്റിൽ നിന്ന് പാഞ്ഞത്. ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെ സെമി ഫൈനൽ വരെ വന്ന സിന്നർ സെമിയിൽ ജോക്കോവിച്ചിനെതിരേ നഷ്ടപ്പെടുത്തിയത് ഒരു സെറ്റു മാത്രമാണ്. ഭാവിതാരം ഫെഡററും നദാലും ജോക്കോവിച്ചും അടക്കിവാണ യുഗം അതിന്റെ അന്ത്യത്തിലാണ്. ഫെഡറർ രണ്ടു വർഷം മുന്‍പു തന്നെ കളംവിട്ടു. നദാലാണെങ്കിൽ ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണോടെ കളംവിടാൻ സാധ്യത നിലനിൽക്കുന്നു. മികച്ച ഫോമിൽ കളിക്കുന്ന ജോക്കോവിച്ചാണ് ഇതിനൊരപവാദം.
എന്നാൽ 36 കഴിഞ്ഞ താരത്തിന് എത്രനാൾ ഫോം തുടരാനാവുമെന്നത് ഒരു ചോദ്യമാണ്. ഈ ഘട്ടത്തിലാണ് പുതിയ തലമുറയുടെ പിറവി. മെദ്വദേവും സ്വരേവും റൂബ്ലേവും സിറ്റ്സിപാസും അടങ്ങുന്ന തലമുറയേക്കാൾ ബിഗ് ത്രീയുടെ പിൻഗാമികളാവാൻ കെൽപ്പുള്ളത് ഹോൾജർ റൂണും കാർലോസ് അൽക്കരസും 22കാരനായ യാനിക് സിന്നറും ഉൾപ്പെടുന്ന കൗമാരം പിന്നിട്ട തലമുറയാണ്. അതിൽത്തന്നെ ഒന്നാമനാര് എന്ന ചോദ്യത്തിനാണ് ഇന്ന് ഉത്തരമായിരിക്കുന്നത്. സമീപകാല പ്രകടനങ്ങളുടെ കണക്കെടുത്താൽ നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം എന്ന വിശേഷണത്തിന് ജോക്കോവിച്ചിനേക്കാൾ അർഹൻ യാന്നിക് സിന്നറാണ്. ലോക ഒന്നാം നന്പർ ജോക്കോവിച്ചിനെതിരേ നടന്ന അവസാന നാല് ഒൗദ്യോഗിക മത്സരങ്ങളിൽ മൂന്നിലും ഒരു അനൗദ്യോഗിക മത്സരത്തിലും വിജയം സിന്നറിനൊപ്പം നിന്നു. ലോക രണ്ടാം നന്പർ കാർലോസ് അൽക്കരസിനെതിരേ കരിയറിൽ 4-3ന്റെ മേധാവിത്വം പുലർത്തുന്ന സിന്നറിനൊപ്പമായിരുന്നു അവസാന രണ്ടു മത്സരങ്ങളിലെ വിജയം. ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനൽ ഉൾപ്പെടെ ലോക മൂന്നാം നന്പർ ഡാനിയേൽ മേദ് വദേവിനെതിരേ നടന്ന അവസാന നാലു മത്സരങ്ങളിലും വിജയിക്കാൻ ലോക നാലാം നന്പരായ ഇറ്റാലിയൻ താരത്തിനായി. എഴുതിച്ചേർത്തത് നിരവധി റിക്കാഡുകൾ ഓസ്ട്രേലിയൻ ഓപ്പണ്‍ നേടിയതോടെ സിന്നർ സ്വന്തമാക്കിയത് വെറുമൊരു കിരീടം മാത്രമല്ല, മറിച്ച് ഗ്രാൻസ്ലാം പുരുഷ സിംഗിൾസിൽ ഇറ്റലിക്ക് ഒരു മേൽവിലാസവും കൂടിയാണ്. ഓസ്ട്രേലിയൻ ഓപ്പണ്‍ സിംഗിൾസ് വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരം എന്നതിനൊപ്പം ഓപ്പണ്‍ കാലഘട്ടത്തിൽ ഗ്രാൻസ്ലാം സിംഗിൾസ് കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ഇറ്റാലിയൻ പുരുഷതാരമാണ് സിന്നർ. 1976ൽ ഫ്രഞ്ച് ഓപ്പണ്‍ നേടിയ അഡ്രിയാനോ പനേറ്റയാണ് ഇതിനു മുന്‍പ് ഗ്രാൻസ്ലാം സിംഗിൾസ് വിജയിച്ച ഇറ്റാലിയൻ പുരുഷ താരം. ഗ്രാൻസ്ലാം സിംഗിൾസ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇറ്റാലിയൻ താരവും ഈ 22കാരനാണ്. 2000നു ശേഷം ജനിച്ച താരങ്ങളിൽ ഗ്രാൻസ്ലാം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് സിന്നർ. ഓപ്പണ്‍ കാലഘട്ടത്തിൽ രണ്ടു സെറ്റുകൾക്ക് പിന്നിട്ടു നിന്ന ശേഷം ഓസ്ട്രേലിയൻ ഓപ്പണ്‍ വിജയിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് സിന്നർ. 2022ൽ നദാലാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യത്തെയാൾ.
Source link