‘മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക്’: നിതീഷ് കുമാറിനെതിരെ രോഹിണിയുടെ പോസ്റ്റ്, പിന്നാലെ വിവാദം

പട്‌ന∙ ബിജെപിക്കൊപ്പം കൈകോർക്കുന്നതിനായി ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. ‘‘മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്കു പോകുന്നു’’ എന്നായിരുന്നു രോഹിണിയുടെ പോസ്റ്റ്. മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ചിത്രം സഹിതമായിരുന്നു എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റ്. അതേസമയം, നിതീഷ് കുമാറിനെ അപമാനിച്ചു എന്ന് ആരോപിച്ച് നിരവധി ആളുകൾ പോസ്റ്റിനെതിരെ രംഗത്തെത്തി.
कूड़ा गया फिर से कूड़ेदानी में कूड़ा – मंडली को बदबूदार कूड़ा मुबारक pic.twitter.com/gQvablD7fC— Rohini Acharya (@RohiniAcharya2) January 28, 2024
വ്യാഴാഴ്ചയും രോഹിണി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു കുറിപ്പ് വിവാദമാകുകയും അതു പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു. സോഷ്യലിസ്റ്റ് ആചാര്യന്മാരെന്നു സ്വയം പ്രഖ്യാപിക്കുന്ന ചിലർ കാറ്റിനനുസരിച്ച് ആദർശം മാറുന്നവരാണെന്നായിരുന്നു രോഹിണിയുടെ ഒളിയമ്പ്. ഇതിനെ പ്രതിരോധിച്ച് ആർജെഡി തന്നെ രംഗത്തെത്തി. പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ളതാണെന്നും നിതീഷ് കുമാറിനെയല്ലെന്നും ആർജെഡി അവകാശപ്പെട്ടു. ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മഹാസഖ്യ സർക്കാർ പിരിച്ചുവിട്ട ശേഷമാണ് നിതീഷ് കുമാർ ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. രണ്ടു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഞായറാഴ്ച രാവിലെ ഗവർണറെ കണ്ടു രാജി സമർപ്പിച്ച നിതീഷ് കുമാർ, കോൺഗ്രസിനും ഇന്ത്യ മുന്നണിക്കുമെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.