INDIALATEST NEWS

നിതീഷ് കുമാർ രാജിവച്ചു; രാത്രി ഏഴിന് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി 9ാം വട്ടം സത്യപ്രതിജ്ഞ


പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ  രാജിവച്ചു.  രാജ്ഭവനിൽ എത്തിയ നിതീഷ് ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു. ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യ സർക്കാരിനെ വീഴ്ത്തിയ നിതീഷ് കുമാർ ഇന്നു വൈകിട്ട് ഏഴുമണിയോടെ ബിജെപി – ജെഡിയു സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതോടെ ഒൻപതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് മൂന്നു മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പട്നയിലെത്തും.
Read also: ‘ഇന്ത്യ’യിൽ സ്വാധീനമില്ല, പിന്തുണയില്ല, സ്വീകാര്യതയില്ല; നിതീഷിന്റെ രാഷ്ട്രീയക്കളിക്ക് പിന്നിൽ?ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണു പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം. ജെഡിയു എംഎൽഎമാരുടെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്. 

അതേസമയം നിതീഷിനൊപ്പം ചില കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്കു ചേക്കേറുന്നതായുള്ള സൂചന ശക്തമാണ്. ആകെയുള്ള 19 എംഎൽഎമാരിൽ 11 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണു റിപ്പോർട്ട്.  ബിജെപി സംസ്ഥാന നേതൃത്വവും പാർട്ടിയുടെ എംഎൽഎമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തും. 

ആകെയുള്ള 243 സീറ്റുകളിൽ 122 സീറ്റുകളാണ് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ ബിജെപി- 78, ആർജെഡി – 79, ജെ‍ഡിയു – 45, കോൺഗ്രസ്- 19, ഇടത് കക്ഷികൾ- 16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു പോകുന്നതോടെ ആർജെഡി + കോൺഗ്രസ് + ഇടത് കക്ഷികൾക്കുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തിൽനിന്ന് 8 സീറ്റ് കുറവാണിത്. അപ്പുറത്ത് ബിജെപിയും ജെഡിയും ഒന്നിക്കുന്നതോടെ 123 സീറ്റോടെ കേവല ഭൂരിപക്ഷം കടക്കാം. 

2020ൽ ബിജെപിയുമായി ചേർന്ന് അധികാരത്തിൽ വന്ന നിതീഷ്, 2022 ഓഗസ്റ്റ് 9ന് ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യവുമായി കൂട്ടുചേരാനായി രാജിവച്ചു. പിറ്റേന്ന് അവരുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇക്കുറി മഹാസഖ്യം വിട്ടു ബിജെപി സഖ്യത്തിലേക്കും ചേക്കേറി. 
നിതീഷിന്റെ ചാട്ടങ്ങൾ

2014: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ ജെഡിയുവിലെ ആഭ്യന്തരപ്രശ്നം മൂലം രാജി. 2015 ൽ ആർജെഡി, കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തിൽ.
2017: ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ രാജി. തുടർന്നു ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി.

2022: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിട്ടു. ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി
2024: ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിടുന്നു. ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകും.


Source link

Related Articles

Back to top button