ന്യൂഡൽഹി ∙ രാജ്യത്തിന്റെ 75–ാം റിപ്പബ്ലിക് ദിനാഘോഷം സ്ത്രീ ശക്തിയുടെ അടയാളമായി. സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും കാഴ്ചവിരുന്നൊരുക്കിയ പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ മുഖ്യാതിഥിയായിരുന്നു. ‘വികസിത ഭാരത്’, ‘ഭാരത്– ലോക്‌തന്ത്രാ കി മാതൃക’ (ഇന്ത്യ– ജനാധിപത്യത്തിന്റെ മാതാവ്) എന്നീ ആശയങ്ങളിലൂന്നി നടത്തിയ പരേഡിൽ അണിനിരന്നവരിൽ 80 ശതമാനവും വനിതകളായിരുന്നു. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി.
പതാക ഉയർത്തിയ ഘട്ടത്തിൽ സർവസൈന്യാധിപയായ ദ്രൗപദി മുർമുവിന് ഇന്ത്യൻ നിർമിത പീരങ്കികളിൽ നിന്ന് 21 ഗൺ സല്യൂട്ട് നൽകിയപ്പോൾ ഹെലികോപ്റ്ററുകൾ കർത്തവ്യപഥിൽ പുഷ്പവൃഷ്ടി നടത്തി. 40 വർഷത്തെ ഇടവേളയ്ക്കു ശേഷം രാഷ്ട്രപതിയും മുഖ്യാതിഥിയും കുതിര വലിക്കുന്ന ബഗ്ഗിയിലാണ് ഇക്കുറി ചടങ്ങുകൾക്ക് എത്തിയത്.
ഫ്രഞ്ച് സൈന്യത്തിലെ 95 പേരുടെ സംഘവും 30 പേരുടെ ബാൻഡ് സംഘവും പരേഡിൽ ഭാഗമായി. 2 റഫാൽ വിമാനങ്ങളും എയർബസിന്റെ എ330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനവും ആകാശക്കാഴ്ച ഒരുക്കി. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പ്രത്യേക അതിഥികളായി 13,000 പേർ പരേഡ് കാണാൻ എത്തിയിരുന്നു.
പതിനായിരത്തിലേറെ വനിതകളാണ് പരേഡിൽ അണിനിരന്നത്. നൂറിലേറെ വനിതാ കലാകാരികൾ ഇന്ത്യൻ സംഗീതോപകരണങ്ങളുമായി പരേഡിലെത്തി. ചരിത്രത്തിൽ ആദ്യമായി കോസ്റ്റ് ഗാർഡിന്റെ ബാൻഡ് സംഘവും മിലിറ്ററി മെഡിക്കൽ സർവീസ് സംഘവും കര, നാവിക, വ്യോമ സേനകളിലെ വനിതാ അംഗങ്ങളുടെ സംയുക്ത സംഘവും പരേഡിൽ ഭാഗമായി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് ഇക്കുറി പരേഡിൽ അണിനിരന്നത്.
English Summary:
India celebrates 75th Republic Day proclaiming women power
Source link