മണിപ്പുർ സ്ഥിതി സ്ഫോടനാത്മകം; ഇംഫാൽ താഴ്വരയിൽ ‘ഭരണം പിടിച്ച്’ മെയ്തെയ് തീവ്രസംഘം
കൊൽക്കത്ത ∙ മണിപ്പുരിൽ ഇംഫാൽ താഴ്വരയുടെ നിയന്ത്രണം മെയ്തെയ് തീവ്രസംഘടനയായ ‘ആരംഭായ് തെംഗോലി’ന്റെ കൈകളിലേക്ക്. ഇംഫാൽ താഴ്വരയിലൂടെ തുറന്ന വാഹനങ്ങളിൽ ആയുധങ്ങളുമായി പരേഡ് നടത്തുന്ന ആരംഭായ് തെംഗോലിനൊപ്പം നിരോധിത മെയ്തെയ് ഭീകരസംഘടനകളുടെ അണികളും ചേർന്നതോടെ മണിപ്പുരിൽ സ്ഥിതി സ്ഫോടനാത്മകമായി. സംസ്ഥാന സർക്കാർ വെറും കാഴ്ചക്കാരായി.
മെയ്തെയ് വിഭാഗത്തിൽപ്പെട്ട മന്ത്രിമാരെയും നിയമസഭാംഗങ്ങളെയും ഇംഫാൽ നഗരത്തിലെ കാംഗ്ല കോട്ടയിൽ ഭീഷണിപ്പെടുത്തി എത്തിച്ച ആരംഭായ് തെംഗോൽ മണിപ്പുരിന്റെ പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു. മണിപ്പുരിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം ബിജെപി സർക്കാർ ആണെന്നു പറഞ്ഞതിന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ കെ.മേഘചന്ദ്രയെ മർദിച്ചു. ഇത് തടയാനെത്തിയ 2 എംഎൽഎമാർക്കും മർദനമേറ്റു.
ആരംഭായ് തെംഗോലും നിരോധിത ഭീകരസംഘടനകളും കുക്കി മേഖലകളിൽ ആക്രമണം നടത്താൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ബഫർ സോണിൽ അസം റൈഫിൾസ് കൂടുതൽ സേനാവിന്യാസം നടത്തി. അക്രമത്തിനൊരുങ്ങുന്നതിന്റെ വിഡിയോ സായുധസംഘടനകൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു.
കുക്കി സംഘടനകളുമായുള്ള സമാധാനക്കരാർ പിൻവലിക്കുന്നതിനും അസം റൈഫിൾസിനെ പിൻവലിക്കുന്നതിനും പാർട്ടി വ്യത്യാസമില്ലാതെ എല്ലാ എംഎൽഎമാരും പ്രവർത്തിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ കോട്ടയിൽ എത്തിച്ചത്. ബിജെപിയുടെ 25 എംഎൽഎമാരും കോൺഗ്രസിന്റെ 5 പേരും എൻപിപിയുടെ 4 പേരും ജനതാദൾ യുവിന്റെ 2 പേരും യോഗത്തിൽ പങ്കെടുത്തു. നാഗാ എംഎൽഎമാർ വിട്ടുനിന്നു. കേന്ദ്രമന്ത്രി ആർ.കെ.രഞ്ൻ സിങ്ങും സനാജോബ ലെയ്ഷംബ എംപിയും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ മിനിറ്റ്സിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങും ഒപ്പിട്ടു.
ആരംഭായ് തെംഗോലിന്റെ തലവനായ കൊറൗൻഗാൻബ ഖുമാൻ യോഗത്തിൽ പങ്കെടുത്തു. ആയുധപരിശീലനം നേടിയ ഖുമാൻ നേരത്തേ പഴ്സനൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ആശിർവാദത്തോടെ പ്രവർത്തിക്കുന്ന സംഘമാണ് ആരംഭായ് തെംഗോൽ എന്ന് കുക്കി സംഘടനകൾ ആരോപിച്ചിരുന്നു. ഇംഫാലിൽനിന്ന് കവർന്നെടുത്ത ആറായിരത്തോളം യന്ത്രത്തോക്കുകളിൽ ഭൂരിപക്ഷവും ഈ സംഘടനയുടെ കൈവശമാണുള്ളത്. കുക്കികളെ കൊന്നൊടുക്കുന്നതിൽ നേതൃത്വം നൽകുന്നത് ആരംഭായ് തെംഗോൽ ആണെന്നാണ് കുക്കി സംഘടനകൾ ആരോപിക്കുന്നത്.
മണിപ്പുർ സർക്കാരിനെ അപ്രസക്തമാക്കി സായുധഗ്രൂപ്പുകൾ ഇംഫാൽ താഴ്വരയെ നിയന്ത്രിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിന് മിസോറം സർക്കാരിനെ മാത്രമേ ബന്ധപ്പെടുകയുള്ളുവെന്ന് കുക്കി സംഘടനകൾ അറിയിച്ചു. ആരംഭായ് തെംഗോൽ ഇന്നലെ കാങ്പോക്പിയിലെ സതാങ്ങിൽ നടത്തിയ ആക്രമണത്തിൽ ഒരു കുക്കി ഗോത്രയുവാവ് കൊല്ലപ്പെട്ടു. പ്രദേശത്ത് മണിക്കൂറുകളോളം വെടിവയ്പ് നടന്നു. പൊലീസ് വേഷത്തിലാണ് അക്രമികൾ എത്തിയത്.
English Summary:
Explosive situation in Manipur; Meitei group ‘takes over’ in Imphal Valley
Source link