മാധ്യമപ്രവർത്തകയ്ക്ക് അവഹേളനം: ട്രംപിന് പിഴ 8.33 കോടി ഡോളർ
വാഷിംഗ്ടൺ ഡിസി: മാധ്യമപ്രവർത്തക ഇ. ജീൻ കരോളിനെ പ്രസ്താവനയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 8.33 കോടി ഡോളർ പിഴ. ജീൻ കരോൾ നല്കിയ സിവിൽ കേസിൽ ന്യൂയോർക്ക് കോടതി ജൂറിയുടേതാണ് തീരുമാനം. ഇതിൽ 1.83 കോടി ഡോളർ അപകീർത്തി പരാമർശത്തിനുള്ള നഷ്ടപരിഹാരവും 6.5 കോടി ഡോളർ ഭാവിയിൽ അപകീർത്തി പരാമർശങ്ങൾ നടത്തുന്നതിൽനിന്നു ട്രംപിനെ തടയാൻ ഉദ്ദേശിച്ചുള്ള ശിക്ഷയുമാണ്. മാഗസിൻ കോളമിസ്റ്റായ ജീൻ കരോൾ 1996ൽ ട്രംപ് തന്നെ മാനഭംഗപ്പെടുത്തിയതായി ആരോപിച്ച് 2019ൽ സിവിൽ കേസ് നല്കിയിരുന്നു. ഇതിൽ കോടതി കഴിഞ്ഞവർഷം ട്രംപ് കുറ്റക്കാരനാണെന്നു കണ്ടെത്തുകയും കേസ് കൊടുത്തതിനു പ്രതികാരമായി അപകീർത്തി പരാമർശം നടത്തിയതിന് 50 ലക്ഷം ഡോളർ പിഴ വിധിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴത്തെ വിധി മറ്റൊരു അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട സിവിൽ കേസിലാണ്. പ്രസിഡന്റ് ബൈഡന്റെ ഭരണകൂടം തന്നെയും റിപ്പബ്ലിക്കൻ പാർട്ടിയെയും വേട്ടയാടുകയാണെന്നും വിധിക്കെതിരേ അപ്പീൽ പോകുമെന്നും ട്രംപ് പ്രതികരിച്ചു. നിയമസംവിധാനത്തെ കുറ്റപ്പെടുത്തിയ ട്രംപ് പക്ഷേ, ജീൻ കരോളിന്റെ പേര് പരാമർശിക്കാൻ മുതിർന്നില്ല.
Source link