ജോക്കോയെ വീഴ്ത്തിയ സിന്നറിന്റെ കന്നി ഫൈനൽ

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനൽ ഇന്ന്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം ആരംഭിക്കുക. ഇറ്റലിയുടെ യാനിക് സിന്നറും റഷ്യയുടെ ഡാനിൽ മെദ്വദേവും തമ്മിലാണ് കിരീട പോരാട്ടം. ടെന്നീസ് ലോകത്തിന്റെതന്നെ പ്രതീക്ഷ അട്ടിമറിച്ചാണ് സിന്നറിന്റെ ഫൈനൽ പ്രവേശം. ലോക ഒന്നാം നന്പറായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നാല് സെറ്റ് നീണ്ട സെമിയിൽ സിന്നർ അട്ടിമറിച്ചു. സ്കോർ: 6-1, 6-2, 6-7 (6-8), 6-3. സിന്നറിനെതിരേ ഒരു ബ്രേക്ക് പോയിന്റ് പോലും നേടാൻ ജോക്കോവിച്ചിനു സാധിച്ചില്ല എന്നതും ശ്രദ്ധേയം. നാലാം സീഡായ സിന്നറിന്റെ കന്നി ഫൈനലാണ് ഇന്ന് നടക്കുക.
ആറാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് മെദ്വദേവ് സെമിയിൽ മറികടന്നത്. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ടശേഷം മൂന്നും നാലും സെറ്റുകൾ നേടിയായിരുന്നു റഷ്യൻ താരത്തിന്റെ തിരിച്ചുവരവ് ജയം. സ്കോർ: 5-7, 3-6, 7-6 (7-4), 7-6 (7-5), 6-3. 2021 യുഎസ് ഓപ്പണ്‍ ജേതാവായ മെദ്വദേവ് 2021, 2022 വർഷങ്ങളിലും ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നു.
Source link