ഭാരത് ജോഡോ ന്യായ് യാത്രയെ കുറിച്ച് അറിവില്ല; ക്ഷണം നിരസിച്ചു: ബംഗാളിൽ കടുപ്പിച്ച് മമത

കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളില്‍ കോൺഗ്രസിനൊപ്പമില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രയെ കുറിച്ച് തനിക്കറിവില്ലെന്ന് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. രാഹുൽ ഗാന്ധി, ജയറാം രമേഷ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ യാത്രയിൽ പങ്കാളിയാകണമെന്നു മമതാ ബാനർജിയോട് മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചെങ്കിലും താത്പര്യമില്ലെന്ന് അവർ അറിയിച്ചതായി പാർട്ടിവൃത്തങ്ങൾ അറിയിച്ചു. ബംഗാളിൽ യാതൊരുവിധ സഖ്യത്തെ കുറിച്ചും ചിന്തിക്കുന്നില്ലെന്നും മമതാ ബാനർജി വ്യക്തമാക്കി. 
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വെള്ളിയാഴ്ച മമതയെ സന്ദർശിച്ചെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും തൃണമൂൽ കോൺഗ്രസ് ഇക്കാര്യം നിരസിച്ചു. ബർദ്വാനിൽനിന്നുള്ള മടക്കയാത്രയിൽ മമതാ ബാനർജിക്ക് അപകടം പറ്റി. ഇതേത്തുടർന്ന് വിശ്രമത്തിലാണ് അവരെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മമതയുടെ സുഖവിവരങ്ങൾ അന്വേഷിച്ച് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദേശം അയച്ചിരുന്നതായും റിപ്പോർട്ട് ഉണ്ട്. 

‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി യോജിപ്പിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് 42 മണ്ഡലങ്ങളിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു തൃണമൂൽ കോൺഗ്രസ് അറിയിച്ചത്. തിരഞ്ഞെടുപ്പിനുശേഷം മാത്രം ദേശീയതലത്തിൽ സഹകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മമത പറ​ഞ്ഞിരുന്നു.  

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 2 സീറ്റ് നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനം കോൺഗ്രസ് തള്ളിയിരുന്നു. 6 സീറ്റെങ്കിലും വേണമെന്ന് കോൺഗ്രസും അത്രയും ജയിക്കാനുള്ള കെൽപ് കോൺഗ്രസിനില്ലെന്നു തൃണമൂലും വ്യക്തമാക്കിയതോടെ ‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിൽ പ്രതിസന്ധി രൂക്ഷമായി. നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള 2 സീറ്റ് നൽകാമെന്നു തൃണമൂൽ നിലപാടെടുത്തതാണു കല്ലുകടിയായത്. ഈ സീറ്റുകളിൽ മത്സരിക്കാൻ തൃണമൂലിന്റെ ഔദാര്യം ആവശ്യമില്ലെന്നു പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു.

English Summary:
Mamata Banerjee Said That She Was Not Informed About The Bharat Jodo Nyay Yatra


Source link
Exit mobile version