‘സ്വന്തം മകളെ റാഗ് ചെയ്യുന്ന അച്ഛൻ’; ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്‍ഷൻ വിഡിയോ

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹറിസപ്ഷൻ വിഡിയോ പുറത്തിറങ്ങി. മാജിക് മോഷൻ പിക്ചേഴ്സ് ആണ് യൂട്യൂബിലൂടെ വിഡിയോ റിലീസ് ചെയ്തത്. കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കായി നൽകിയ സൽക്കാരത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ചാക്കോച്ചനും സുരേഷ് ഗോപിയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളിൽ നിന്നാണ് വിഡിയോയുടെ തുടക്കം.

കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്നു മകൾ ഭാഗ്യയെന്നും ചാക്കോച്ചന്റെ കല്യാണദിവസം ഭാഗ്യ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. സ്വന്തം മകളെ വിവാഹ സമയത്തും റാഗ് ചെയ്യുന്ന അച്ഛനെ ശിരസാൽ നമസ്കരിക്കുന്നുവെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. ഭാഗ്യയുടെ വിവാഹ റിസപ്‌ഷന് നവദമ്പതികളെ അനുഗ്രഹിക്കാനായി കുഞ്ചാക്കോ ബോബനും കുടുംബവും വേദിയിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ കമന്റ്. 

‘‘സിനിമയിലെ എല്ലാ വിഭാഗങ്ങളിലുമുളള ഒരുപാട് ഇഷ്ടമുളള നല്ല സുഹൃത്തുക്കളെല്ലാം വന്നു. വന്നവരോടും അനുഗ്രഹിച്ചുവരോടും നന്ദി പറയുകയാണ്. അവസാന നിമിഷത്തിലാണ് ചാക്കോച്ചൻ വന്നുകയറിയത്. ചാക്കോച്ചനെ ഹാർട്ട് ത്രോബായി സ്വീകരിച്ചിരുന്ന കുട്ടിയാണ് ഭാഗ്യ. പ്രിയയെ ചാക്കോച്ചൻ മിന്നുകെട്ടിയ ദിവസം ഭാഗ്യ ഒരുപാട് കരഞ്ഞിരുന്നു. ആ പെൺകുട്ടിയാണ് വിവാഹിതയായി ഇന്ന് ശ്രേയസിന്റെ കൂടെ ഇവിടെ നിൽക്കുന്നത്. 

ചാക്കോച്ചൻ മുതലാളി, ബോബച്ചൻ മുതലാളി, അപ്പച്ചൻ സാർ എല്ലാവരും കുടുംബത്തിന് വേണ്ടപ്പെട്ടവരാണ്. വന്നവർക്കെല്ലാം ഹൃദയത്തിൽ നിന്നുളള നന്ദി പറയുന്നു. ഹൃദയത്തിൽ നിന്നുളള നന്ദിയല്ല, ഹൃദയം കൊണ്ടുളള നന്ദി.’’– സുരേഷ് ഗോപി പറഞ്ഞു.

സ്വന്തം മകളെ റാഗ് ചെയ്യുന്ന അച്ഛനെ ശിരസാൽ നമസ്കരിക്കുന്നുവെന്ന് പറ‍ഞ്ഞായിരുന്നു ചാക്കോച്ചൻ സംസാരിച്ച് തുടങ്ങിയത്. 
‘‘കുടുംബപരമായിട്ടും ജോലി സംബന്ധമായും ഏറ്റവും അടുത്ത ജ്യേഷ്ഠസ്ഥാനത്തുളള വ്യക്തിയാണ് സുരേഷേട്ടൻ. പക്ഷേ ഇതുവരെ ഒരുവാക്ക് അദ്ദേഹം പാലിച്ചിട്ടില്ല. എന്റെ വീട്ടിൽ വന്ന് താറാവുകറി കഴിക്കാമെന്നു പറഞ്ഞിട്ട് ഇതുവരെ കഴിച്ചിട്ടില്ല. ഒരുദിവസം എല്ലാവരെയും വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ശ്രേയസും ഭാഗ്യയും വേദിയിൽ നിൽക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരും ഒരു കുടുംബമെന്ന തോന്നലാണ്. എല്ലാ നന്മകളും നേരുന്നു.’’– കുഞ്ചാക്കോ ബോബൻ പറഞ്ഞു.

English Summary:
Unfiltered Snippets from the Magnificent Wedding Reception of Bhagya and Shreyas


Source link
Exit mobile version