‘തിയറ്റർ കുലുങ്ങും’; ടിനു പാപ്പച്ചന്റെ അഭിപ്രായം സിനിമയെ മോശമായി ബാധിച്ചില്ലെന്ന് ലിജോ
സംവിധായകൻ ടിനു പാപ്പച്ചന്റെ അഭിപ്രായം മലൈക്കോട്ടൈ വാലിബനെ മോശമായി ബാധിച്ചിട്ടില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. അതോരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായമാണെന്നും അത്തരത്തിലുള്ള എക്സൈറ്റ്മെന്റുകൾ തീര്‍ച്ചയായും സിനിമയിലുണ്ടെന്നും ലിജോ മാധ്യമങ്ങളോടു പറഞ്ഞു.
‘‘ഒരിക്കലും സിനിമയെ ബാധിച്ചിട്ടില്ല. ഓരോരുത്തരും അഭിപ്രായം പറയുന്നതുപോലെയാണ്. ഞാൻ കണ്ട കാഴ്ച എനിക്കു വേറെരൊളുടെ അടുത്ത് വാക്കുകളിലൂടെ വിവരിച്ചുകൊടുക്കാൻ പറ്റില്ല. വിഷ്വൽസിലൂടെയാണ് അതു പകരാനാണ് പരിശ്രമിക്കുന്നത്. ടിനു എന്റെ അസോഷ്യേറ്റ്, ഒരു ഫിലിംമേക്കർ എന്നതിലുപരി പ്രതീക്ഷ പകരുന്ന സിനിമ കാണാൻ വളരെ ആഗ്രഹിച്ചിരിക്കുന്ന പ്രേക്ഷകൻ കൂടിയാണ്.
അത്തരത്തിലൊരാൾ പുള്ളിയുടെ ഒരഭിപ്രായം പറഞ്ഞതാണ്. അതിൽ വേറൊന്നുമില്ല, അത് ടിനുവിന്റെ പേഴ്സനൽ വിലയിരുത്തലാണ്. ഇതൊക്കെയൊരു ലിറ്ററൽ മീനിങിൽ എടുത്തുകഴിഞ്ഞാൽ എന്തു ചെയ്യും. നോ പ്ലാൻസ് ടു ചേഞ്ച് എന്നു പറയുന്നത്, നാളെ മുതൽ എന്നോട് ഷർട്ട് മാറേണ്ട എന്നു പറഞ്ഞാൽ എന്തു ചെയ്യും. അതൊരു സാധാരണ അഭിപ്രായം മാത്രമാണ്. അതിനെ ആ ലെവലിൽ എടുത്താൽ മതി. അത്തരത്തിലുള്ള എക്സൈറ്റമെന്റുകൾ ഉറപ്പായും ആ സിനിമയിലുണ്ട്.’’–ലിജോ ജോസ് പറഞ്ഞു.
വാലിബനിലെ മോഹൻലാലിന്റെ ഇൻട്രൊ രംഗം കാണിക്കുമ്പോൾ തിയറ്റർ കുലുങ്ങുമെന്നാണ് ടിനു പാപ്പച്ചൻ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ആദ്യദിനം തിയറ്ററിന് പുറത്ത് നിന്നു ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും മോഹൻലാലിന്റെ ഇൻട്രൊ സീനിൽ തിയറ്റർ കുലുങ്ങുന്നത് കാണാനാണ് താന്‍ ചിത്രം പുറത്തുനിന്നു കാണാമെന്ന് പറഞ്ഞതെന്നുമായിരുന്നു ടിനു പറഞ്ഞത്.
English Summary:
Lijo Jose Pellissery about Tinu Pappachan’s statement
Source link