ഷൊയ്ബ് ബഷീറിനു വീസ

ഹൈദരാബാദ്: ഇംഗ്ലീഷ് യുവ സ്പിന്നർ ഷൊയ്ബ് ബഷീറിന്റെ വീസ പ്രശ്നത്തിനു വിരാമം. വീസ പ്രശ്നത്തിന്റെ പേരിൽ ഇന്ത്യയിലേക്ക് എത്താൻ സാധിക്കാതിരുന്ന ഷൊയ്ബ് ബഷീറിനു സ്വദേശത്തേക്ക് മടങ്ങേണ്ടിവന്നിരുന്നു. അബുദാബിയിൽ ഇംഗ്ലണ്ട് ടീമിനൊപ്പം ക്യാന്പിൽ പങ്കെടുത്ത ബഷീറിന് ഇന്ത്യ വീസ താമസിപ്പിച്ചു. അതോടെ യുവതാരത്തിന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു. ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ഇത് ചൊടിപ്പിച്ചു. പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടേണ്ട കളിക്കാരനായിരുന്നു ഷൊയ്ബ് ബഷീർ എന്നായിരുന്നു സ്റ്റോക്സിന്റെ രൂക്ഷ പ്രതികരണം.
എന്നാൽ, ഇന്നലെ വൈകുന്നേരം ബഷീറിന്റെ വീസ ശരിയായതായി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇതോടെ ഈ ആഴ്ച അവസാനം ബഷീർ ഇംഗ്ലീഷ് ടീമിനൊപ്പം ചേരും. വിശാഖപട്ടണത്തു നടക്കുന്ന രണ്ടാം ടെസ്റ്റിൽ അരങ്ങേറാനുള്ള അവസരവും ഷൊയ്ബ് ബഷീറിന് ഇതോടെ സാധ്യമായി. ഇരുപതുകാരനായ ഷൊയ്ബ് ബഷീർ വലംകൈ ഓഫ് സ്പിന്നറാണ്. ഫസ്റ്റ് ക്ലാസിൽ ആറും ലിസ്റ്റ് എയിൽ ഏഴും മത്സരങ്ങൾ മാത്രമാണ് ഇതുവരെ കളിച്ചത്.
Source link