സ്പിൻ തന്ത്രവുമായി ഇംഗ്ലണ്ട്

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവൻ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ ടീം പ്രഖ്യാപനം. ഹൈദരാബാദിലെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുമെന്നതു മുന്നിൽക്കണ്ടാണ് ഇംഗ്ലണ്ട് മൂന്ന് സ്പെഷലിസ്റ്റ് സ്പിന്നർമാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കൊപ്പം സ്പിന്നറുടെ റോളിൽ ടോപ് ഓർഡർ ബാറ്ററായ ജോ റൂട്ടും ഉണ്ടെന്നതും ഇംഗ്ലണ്ടിന്റെ സ്പിൻ തന്ത്രത്തിനു കരുത്തേകും. ജയിംസ് ആൻഡേഴ്സണിനെ പുറത്തിരുത്തിയ ഇംഗ്ലണ്ട് മാർക്ക് വുഡിനെ മാത്രമാണ് പേസ് ബൗളർ എന്ന നിലയിൽ ഉൾപ്പെടുത്തിയത് എന്നതും ശ്രദ്ധേയം.
ജാക് ലീച്ച്, റെഹാൻ അഹമ്മദ്, ടോം വില്യം ഹാർട്ട്ലി എന്നിവരാണ് ഇംഗ്ലീഷ് പ്ലേയിംഗ് ഇലവനിലെ സ്പെഷലിസ്റ്റ് സ്പിന്നർമാർ. ഇതിൽ റെഹാൻ അഹമ്മദ് 2022ൽ പാക്കിസ്ഥാനെതിരായ കറാച്ചി ടെസ്റ്റിൽ മാത്രമാണ് ഇതുവരെ കളിച്ചത്. ടോം ഹാർട്ട്ലിയുടെ അരങ്ങേറ്റ മത്സരമാണ് ഇന്നു മുതൽ ആരംഭിക്കുക. 35 ടെസ്റ്റിൽ ജാക്ക് ലീച്ച് ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റൊ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), റെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, മാർക്ക് വുഡ്, ജാക് ലീച്ച്.
Source link