INDIALATEST NEWS

ഭരണഘടനയ്ക്കു മുൻപുള്ള സ്ഥാപനമായാലും ന്യൂനപക്ഷ അവകാശം ബാധകം

ന്യൂഡൽഹി ∙ ഭരണഘടനയുടെ 30–ാം വകുപ്പ് നൽകുന്ന മൗലികാവകാശം ഇതു പ്രാബല്യത്തിൽ വരുന്നതിനു മുൻപുള്ള സ്ഥാപനങ്ങൾക്കും അവകാശപ്പെടാവുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അലിഗഡ് മുസ്‍ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പദവിക്ക് അർഹതയുണ്ടോ എന്ന വിഷയം ഏഴംഗ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഹർജിയിൽ 30ന് വാദം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരണം നടത്താനും ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം സംബന്ധിച്ചതാണ് ഭരണഘടനയിലെ 30–ാം വകുപ്പ്. അലിഗഡ് മുസ്‍ലിം സർവകലാശാല നിയമവും 30–ാം വകുപ്പും ഒന്നിച്ചു പരിഗണിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സൂചിപ്പിച്ചു. ന്യൂനപക്ഷക്കാരനായ ആളാണോ സ്ഥാപിച്ചത്, ഭരണം നടത്തുന്നത് ന്യൂനപക്ഷമാണോ എന്നീ ഘടകങ്ങൾ ഉണ്ടോയെന്നതു മാത്രമാണ് ഘടകമെന്നു ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. 
ഇതിനിടെ, പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ അലിഗഡ് സർവകലാശാലയ്ക്ക് 1981 ൽ ന്യൂനപക്ഷ പദവി തിരികെ നൽകിയതിനോട് വിയോജിച്ച സർക്കാർ നിലപാടിൽ കോടതി ആശ്ചര്യം അറിയിച്ചു. പാർലമെന്റിന്റെ തീരുമാനത്തോട് സർക്കാർ യോജിക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. 1967 ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് മുസ്‍ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടതാണ് കേസിന്റെ തുടക്കം. കേന്ദ്ര സർവകലാശാലയാണെന്ന് ചൂണ്ടിക്കാട്ടി എസ്. അസീസ് ബാഷ കേസിലായിരുന്നു കോടതി നടപടി. ഈ വിധിയിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 1981 ൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് വിഷയം ഏഴംഗ ബെഞ്ചിനു വിട്ടിരുന്നു. ഇതാണ് നാലരപ്പതിറ്റാണ്ടിനു ശേഷം ഇപ്പോൾ പരിഗണിക്കുന്നത്. 

English Summary:
Supreme Court observed that the fundamental right conferred by Article 30 of Constitution can be claimed even by pre-existing institutions


Source link

Related Articles

Back to top button