ഇറാൻ അനുകൂല ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം

ദോഹ: ഇറാക്കിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രണം. ഇറാക്കിലും സിറിയയിലും അമേരിക്കൻ സേനാ താവളങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നു പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. കതെയ്ബ് ഹിസ്ബുള്ള എന്ന ഇറാൻ അനുകൂല ഗ്രൂപ്പ് അടക്കമുള്ളവർ ആക്രമിക്കപ്പെട്ടു. മിസൈൽ, റോക്കറ്റ്, ഡ്രോൺ സംഭരണകേന്ദ്രങ്ങൾ, വിക്ഷേപണസ്ഥലങ്ങൾ, സംഘടനയുടെ ആസ്ഥാനങ്ങൾ പരിശീലനകേന്ദ്രങ്ങൾ തുടങ്ങിയവയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് സേന പറഞ്ഞു. അതേസമയം, യുഎസിനെതിരേ ഇറാക്കി സർക്കാർ രംഗത്തു വന്നു. ഇറാക്കിന്റെ പരമാധികാരം ലംഘിക്കപ്പെട്ടതായി അവർ ആരോപിച്ചു. യുഎസ് ആക്രമണങ്ങൾ സമാധാനം കൊണ്ടുവരില്ലെന്ന് ഇറാക്കി ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഖ്വാസം അൽ അരാജി ചൂണ്ടിക്കാട്ടി. യുഎസ് ഇറാക്കിൽ ബോംബിടുന്നതിനു പകരം ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തുകയാണു വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ ഇറാക്കിലെ അൽ അസാദ് വ്യോമതാവളത്തിനു നേർക്കുണ്ടായ മിസൈൽ ആക്രമണത്തിൽ യുഎസ് സൈനികർക്കു പരിക്കേറ്റിരുന്നു. ഇസ്ലാമിക് റെസിസ്റ്റൻസ് എന്ന ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ ഇറാക്കിലെയും സിറിയയിലെയും യുഎസ് താവളങ്ങളെ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കു പ്രസിഡന്റ് ജോ ബൈഡൻ മടിക്കില്ലെന്നാണു പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ മുന്നറിയിപ്പു നല്കിയിരിക്കുന്നത്.
Source link