ന്യൂഡൽഹി: ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) 2023 വർഷത്തെ മികച്ച ട്വന്റി-20 ക്രിക്കറ്റ് താരങ്ങളെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്പെഷലിസ്റ്റ് ബാറ്റർ സൂര്യകുമാർ യാദവാണ് 2023 ഐസിസി ട്വന്റി-20 പുരുഷ ക്രിക്കറ്റർ ഓഫ് ദ ഇയർ. തുടർച്ചയായ രണ്ടാം തവണയാണ് സൂര്യകുമാർ ഈ നേട്ടം കൈവരിക്കുന്നത്. ആക്രമണശൈലിയിൽ സ്ഥിരതയാർന്ന പ്രകടനമാണ് അദേഹത്തിന്റെ സവിശേഷത. 2023 കലണ്ടർ വർഷത്തിൽ 17 മത്സരങ്ങളിൽനിന്നായി 48.86 ശരാശരിയിൽ 733 റൺസാണ് സൂര്യയുടെ സന്പാദ്യം. 155.95 സ്ട്രൈക്ക് റേറ്റിലാണ് ഇത്രയും റണ്ണടിച്ചുകൂട്ടിയത്. മധ്യനിരയിലെ നെടുംതൂണായ അദേഹം നാല് അർധശതകങ്ങളും രണ്ട് സെഞ്ച്വറികളും 2023ൽ നേടി. 869 പോയിന്റുമായി നിലവിൽ ട്വന്റി-20 ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലായി നിർണായക മത്സരങ്ങളിൽ ടീമിനെ വിജയിപ്പിക്കാനും 2023 വർഷം സൂര്യകുമാറിനായി. തുടർച്ചയായ രണ്ടാം വർഷവും അവർഡ് നേട്ടം കൊയ്ത അദേഹത്തിന്റെ വെസ്റ്റ് ഇൻഡീസിനെതിരേയും (44 പന്തിൽ 83 റണ്‍സ്, 45 പന്തിൽ 61 റണ്‍സ്), ശ്രീലങ്കയ്ക്കെതിരേയുമുള്ള (51 പന്തിൽ 112 റണ്‍സ്) മികച്ച ഇന്നിംഗ്സുകൾ ഐസിസി പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ പരാമർശിച്ചു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ യുവനിരയുമായി ഇറങ്ങി പരന്പര നേടി സൂര്യകുമാർ നേതൃപാടവവും തെളിയിച്ചിരുന്നു. ട്വന്റി-20യിലെ വിശ്വസ്തനും ആക്രമണകാരിയുമാകുന്പോഴും ഏകദിന ഫോർമാറ്റിൽ അദേഹത്തിന് ശോഭിക്കാനാകുന്നില്ലെന്നതാണ് പോരായ്മ. രചിൻ ഭാവി താരം… ഐസിസി എമേർജിംഗ് ക്രിക്കറ്റർ ഓഫ് ദ ഇയർ 2023 അവാർഡ് ന്യൂസിലൻഡ് ഓൾറൗണ്ടർ രചിൻ രവീന്ദ്ര സ്വന്തമാക്കി. ഇന്ത്യയുടെ യശസ്വി ജയ്സ്വാൾ അടക്കമുള്ളവരെ മറികടന്നാണ് രചിന്റെ നേട്ടം. 2023 ഏകദിന വേൾഡ് കപ്പിൽ ഒന്‍പത് ഇന്നിംഗ്സിൽനിന്നായി 578 റണ്ണാണ് അദേഹം നേടിയത്. മൂന്ന് സെഞ്ചുറിയും രണ്ട് അർധശതകവും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഹെയ്ലി മാത്യൂസ് 2023 ഐസിസി ട്വന്റി-20 വനിത ക്രിക്കറ്ററായി വെസ്റ്റ് ഇൻഡീസിന്റെ ഹെയ്ലി മാത്യൂസിനെ തെരഞ്ഞെടുത്തു. സ്റ്റെഫാനി ടെയ്ലറിനുശേഷം ഈ അവാർഡ് നേടുന്ന രണ്ടാമത്തെ വെസ്റ്റ് ഇൻഡീസ് താരമാണ് ഹെയ്ലി. 700 റണ്ണാണ് ഹെയ്ലി 2023ൽ അടിച്ചെടുത്തത്. കലണ്ടർ വർഷം ഒരു വനിതാ താരം നേടുന്ന ഏറ്റവും ഉയർന്ന റണ്‍വേട്ടയാണിത്. 16.21 ശരാശരിയിൽ 19 വിക്കറ്റും നേടി.
Source link