സംഘർഷങ്ങൾ പുതുമയല്ലാത്ത അസം കുറച്ചു ദിവസങ്ങളായി ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. കലാപ രാഷ്ട്രീയം കൊണ്ട് വാർത്തകളിൽ നിറഞ്ഞിരുന്ന വടക്കുകിഴക്കൻ മേഖലയിലെ പ്രധാന സംസ്ഥാനമായ അസം ഇപ്പോൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള വാക്പോരിനാണ് സാക്ഷിയാകുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുമായി മണിപ്പുർ പിന്നിട്ട് അസമിലേക്ക് കടന്നപ്പോൾ മുതൽ ഇരുവരും തമ്മിൽ പ്രശ്നം തുടങ്ങിയിരുന്നു. പ്രവർത്തകരെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് രാഹുലിനെതിരെ കേസ് റജിസ്റ്റർ ചെയ്തതോടെ കളി മാറി. കേസെടുത്ത് തന്നെ ഭയപ്പെടുത്താമെന്ന് ഹിമന്ത കരുതേണ്ടെന്ന് രാഹുൽ പറഞ്ഞപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്ന് ഹിമന്ത തിരിച്ചടിച്ചു. രാഹുലുമായി വഴക്കിട്ട് വർഷങ്ങൾക്കു മുൻപ് കോൺഗ്രസിന്റെ പടിയിറങ്ങിയ ഹിമന്ത, ഇന്ന് വടക്കുകിഴക്കിലെ ബിജെപി മുഖമായി നിൽക്കുമ്പോൾ ഇരുവരും തമ്മിൽ വീണ്ടും പോർമുഖം തുറക്കുകയാണോ?
∙ കേസ്, വാക്പോര്: രാഹുൽ V/S ഹിമന്ത
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിച്ചതോടെ കേസുകളും നിയമനടപടികളുമായി സംസ്ഥാന സർക്കാർ രംഗത്തുണ്ട്. അംഗീകരിച്ച പാതകളിൽനിന്ന് മാറി യാത്ര നടത്തിയെന്നും സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും ആരോപിച്ചായിരുന്നു കേസ്. കേസെടുത്ത് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് അസം ഭരിക്കുന്നതെന്നും രാഹുൽ തന്റെ പ്രസംഗങ്ങളിൽ ആവർത്തിച്ചു. എന്നാൽ ഗാന്ധി കുടുംബം അഴിമതിക്കാർ മാത്രമല്ല വ്യാജരുമാണെന്നാണു ഹിമന്തയുടെ പ്രതികരണം. വാക്പോര് നടക്കുന്നതിനിടെ രാഹുലിന്റെ യാത്രയ്ക്കു നേരെ അക്രമവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി.
Read more: ബിജെപി എത്ര കേസുകൾ വേണമെങ്കിലും എടുക്കട്ടെ, ഭയമില്ല: രാഹുൽ ഗാന്ധിസോനിത്പുർ ജില്ലയിലെ ജമുഗുരിഹാട്ടിൽ തടയാനെത്തിയ ബിജെപി പ്രവർത്തകർക്കു മുന്നിലേക്കു രാഹുൽ നേരിട്ടിറങ്ങിച്ചെന്നു. പ്രതിഷേധവുമായെത്തിയ ബിജെപിക്കാർക്കെതിരെ കോൺഗ്രസ് പ്രവർത്തകരും അണിനിരന്നതോടെ, സംഘർഷം മുറുകുന്നതു കണ്ട രാഹുൽ ബസ് നിർത്താൻ ഡ്രൈവറോടു നിർദേശിച്ച് ഇറങ്ങിച്ചെല്ലുകയായിരുന്നു. അസം- മേഘാലയ അതിർത്തിയിലുള്ള യുഎസ്ടിഎം സർവകലാശാല വിദ്യാർഥികളുമായുള്ള സംവാദം സർക്കാർ റദ്ദാക്കിയതോടെ സർവകലാശാലയ്ക്കു മുന്നിൽ ബസിനു മുകളിൽ കയറിനിന്നാണ് രാഹുൽ വിദ്യാർഥികളുമായി സംസാരിച്ചത്.
ഇത്തരത്തിൽ രാഹുലിന്റെ യാത്ര സംഭവബഹുലമായി അസമിൽ തുടരുന്നതിനിടെയാണ് ഗുവാഹത്തി പൊലീസ് കേസെടുത്തത്. ‘‘കേസെടുത്ത് എന്നെ ഭയപ്പെടുത്താം എന്ന ആശയം ഹിമന്തയ്ക്ക് എവിടെനിന്നാണ് ലഭിച്ചതെന്നറിയില്ല. നിങ്ങൾക്കു കഴിയാവുന്ന അത്രയും കേസുകൾ എനിക്കെതിരെ എടുക്കൂ.’’ എന്നായിരുന്നു രാഹുൽ ഇതിനോട് പ്രതികരിച്ചത്. കേസെടുത്താലും അറസ്റ്റ് ഉടനെയുണ്ടാകില്ല എന്നാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം. ‘‘ഇപ്പോൾ എന്തെങ്കിലും നടപടിയുണ്ടായാൽ അതൊരു രാഷ്ട്രീയ നീക്കമായി വ്യാഖ്യാനിക്കപ്പെടും. അതിനാൽ പ്രത്യേക അന്വേഷണ സംഘം സംഭവങ്ങൾ അന്വേഷിക്കും, ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം അറസ്റ്റ്’’ എന്നാണ് ഹിമന്തയുടെ പക്ഷം.
∙ അന്ന് കോണ്‍ഗ്രസിന്റെ വിശ്വസ്തൻ, ഇന്ന് ബിജെപിയുടെ
2016ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസിനെ പിളർത്തി ബിജെപിയിലെത്തിയ നേതാവാണ് ഹിമന്ത. ചരിത്രത്തിലാദ്യമായി ഒരു വടക്കുകിഴക്കൻ സംസ്ഥാനത്ത് ബിജെപി സർക്കാരുണ്ടാക്കാൻ ചുക്കാൻ പിടിച്ച ചരിത്രമാണ് ഹിമന്തയ്ക്കുള്ളത്. ഒരിക്കൽ അസം മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിയുടെ ‘നിഴലിൽ’ നിന്ന ആ കോൺഗ്രസുകാരൻ ഇന്ന് വടക്കുകിഴക്കൻ മേഖലയിൽ ബിജെപിയുടെ മുഖവുമാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുഴുവൻ കോൺഗ്രസ് മുക്തമാക്കുന്നതിൽ ചരടുവലിച്ചതും ഹിമന്തയായിരുന്നു.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും കൂട്ടായ്മയായ നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ കൺവീനറാണ് ഹിമന്ത. അസമിനു പുറമെ ത്രിപുര, മണിപ്പുർ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളെയും ബിജെപി ഭരണത്തിനു കീഴിൽ കൊണ്ടുവന്നതിന് പിന്നിൽ ഇദ്ദേഹത്തിന്റെ നീക്കങ്ങളായിരുന്നു. നാഗാലാൻഡിലും മേഘാലയയയിലും ഭരണത്തിന്റെ ഭാഗമാണ് ബിജെപി. അരുണാചൽ പ്രദേശിലെ പീപ്പിൾസ് പാർട്ടിയുടെ 43 എംഎൽഎമാരിൽ 33 പേർ ഒരു രാത്രി പുലർന്നപ്പോൾ ബിജെപിയിലെത്തിയതിനു കരുനീക്കം നടത്തിയതും ഹിമന്തയായിരുന്നു.
മണിപ്പുരിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ കോൺഗ്രസിനെ വെട്ടി ബിജെപിയെ ആദ്യവട്ടം അധികാരത്തിലെത്തിച്ചപ്പോൾ ഇംഫാലിൽ ക്യാംപ് ചെയ്യുകയായിരുന്ന അന്നത്തെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനു തൊട്ടുതാഴെയായിരുന്ന ഹിമന്ത. ബിരേൻ സിങ് സർക്കാർ രണ്ടു തവണ ന്യൂനപക്ഷമായപ്പോഴും അനുരഞ്ജന ചർച്ച നടത്തി ഭരണം മുന്നോട്ടുകൊണ്ടുപോയതും ഹിമന്തയുടെ മിടുക്കായിരുന്നു. അസമിലെ തരുൺ ഗൊഗോയിയുടെ കോൺഗ്രസ് സർക്കാരിൽ 8 വർഷം ധനവകുപ്പും ആരോഗ്യവകുപ്പും കൈകാര്യം ചെയ്ത ഹിമന്ത, ഗൊഗോയിക്കെതിരെ കലാപം നയിച്ചാണ് അനുയായികളുമായി 2015ൽ ബിജെപിയിലെത്തിയത്. 2011ൽ കോൺഗ്രസിനെ 79 സീറ്റുകളോടെ അസമിൽ അധികാരത്തിലേക്കു കൈപിടിച്ചു കയറ്റിയതിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കു വലിയ പങ്കുണ്ടായിരുന്നു.
ഗൊഗോയിയുടെ നിഴലിൽ നിന്നാൽ കോൺഗ്രസിൽ ഒന്നുമാകില്ലെന്നു തിരിച്ചറിഞ്ഞ ഹിമന്ത 2014ലെ തിരഞ്ഞെടുപ്പിനുശേഷം ബിജെപിയിലേക്കു മാറി. ഗൊഗോയിക്കെതിരെ ഒരുകെട്ട് പരാതികളുമായി ഹിമന്ത ഹൈക്കമാൻഡിനെ സമീപിച്ചെങ്കിലും രാഹുൽ ചെവികൊടുത്തില്ല. സംസ്ഥാന കോൺഗ്രസിലെ നീറുന്ന പ്രശ്‌നങ്ങൾ താൻ ഉന്നയിച്ചപ്പോൾ രാഹുൽ വളർത്തുനായയ്ക്കു ബിസ്‌കറ്റ് കൊടുക്കുന്നതിൽ ശ്രദ്ധിക്കുകയായിരുന്നുവെന്നു ഹിമന്ത പിന്നീട് അഭിമുഖത്തിൽ പറഞ്ഞു. ഹിമന്തയ്‌ക്കെതിരെ നിരവധി അഴിമതിക്കേസുകൾ ഉണ്ടായിരുന്നെന്നും ബിജെപിയിൽ എത്തിയതോടെ അതെല്ലാം മാഞ്ഞുപോയെന്നുമുള്ള ആരോപണവുമുണ്ട്.∙ മിന്നൽ വേഗത്തിൽ മുഖ്യമന്ത്രി
അഖിലേന്ത്യ ബാഡ്മിന്റൻ അസോസിയേഷന്റെ പ്രസിഡന്റായ ഹിമന്തയ്ക്ക് എപ്പോഴാണു സ്മാഷ് ചെയ്യേണ്ടതെന്നും ഡ്രോപ് ചെയ്യേണ്ടതെന്നും നന്നായി അറിയാം. ആ അറിവാണ് അദ്ദേഹത്തെ ഇന്നു വടക്കുകിഴക്കിൽ ബിജെപിയുടെ മുന്നണിപ്പോരാളിയാക്കിയത്. അങ്ങനെ ഒരു സ്മാഷ് തന്നെയാകും രാഹുലിനു നേരെ തൊടുക്കുന്നതെന്നും കരുതാം.
അസമിൽ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി മന്ത്രിസഭയിൽ രണ്ടാമനായി പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത ഹിമന്ത, 2021ൽ രണ്ടാംവട്ടം ബിജെപി അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയുമായി. അസമീസ് ബ്രാഹ്മണ സമുദായാംഗമായ ഹിമന്ത അസമിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ നെടുംതൂണായി മാറിയത് മിന്നൽ വേഗത്തിലായിരുന്നു. മണിപ്പുരിലും ത്രിപുരയിലും പാർട്ടിക്കു പ്രതിസന്ധി വന്നപ്പോഴൊക്കെ രക്ഷകനായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അസമിൽ കത്തിപ്പടർന്നപ്പോൾ ബിജെപിയുടെ നിലപാട് ജനങ്ങളിലേക്കെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 2021ലെ തിരഞ്ഞെടുപ്പിൽ ജാലൂക്ക്ബാരിയിൽനിന്ന് അഞ്ചാം തവണ ഹിമന്ത ജയിച്ചുകയറിയത് ഒരുലക്ഷത്തിലേറെ വോട്ടുകൾക്കാണ്.
താരതമ്യേന ഒതുങ്ങിയ പ്രകൃതക്കാരനായ സർബാനന്ദ സോനോവാളിന്റെ സർക്കാരിനുള്ള അംഗീകാരമായിരുന്നു വിജയമെങ്കിലും ഹിമന്തയുടെ ജനപ്രീതിക്കു മുന്നിൽ അദ്ദേഹവും അപ്രസക്തനായി. അസമിലെ സോനാവാൾ കച്ചാരി ആദിവാസി വിഭാഗത്തിൽനിന്നുള്ള സർബാനന്ദയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രിയങ്കരൻ. പക്ഷേ വോട്ടു വാങ്ങാൻ മികവ് ഹിമന്തയ്ക്കാണെന്നു തിരിച്ചറിയാൻ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി തന്ത്രജ്ഞർക്കും വലിയ പ്രയാസമൊന്നുമുണ്ടായില്ല. അങ്ങനെ 2021 മേയ് 10ന് അസമിലെ 15ാം മുഖ്യമന്ത്രിയായി ഹിമന്ത അധികാരത്തിലേറി.
മോദിയുടെയും അമിത് ഷായുടെയും മനസ്സറിഞ്ഞ് തന്ത്രങ്ങളൊരുക്കി നടപ്പാക്കുന്നതിലൂടെ കേന്ദ്ര നേതൃത്വത്തിനു പ്രിയപ്പെട്ടവനായി. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ പക്ഷത്തെ ബിജെപിക്കൊപ്പം ചേർക്കുന്നതിനായി നടത്തിയ നീക്കത്തിൽ, മഹാരാഷ്ട്രയയിലെ വിമത എംഎൽഎമാർക്ക് ഒളിത്താവളം ഒരുക്കിയതു ഹിമന്തയാണ്. ആദ്യം ഗുജറാത്തിലേക്കു പോയ എംഎൽഎമാരെ നാടകീയമായാണ് അസമിലെത്തിച്ചത്. ഹിമന്തയിലുള്ള ബിജെപിയുടെ വിശ്വാസം കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ അത്രത്തോളം എത്തിയിരുന്നു. ഇന്ന് രാഹുലിനെതിരെ നേർക്കുനേർ പോരാടിയാണ് ബിജെപിയോടുള്ള കൂറ് ഹിമന്ത ഊട്ടിയുറപ്പിക്കുന്നത്.
Source link