INDIALATEST NEWS

റിപ്പബ്ലിക് ദിന പരേഡിൽ 80 % വനിതകൾ

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകൾ. കർത്തവ്യ പഥിൽ 26നു രാവിലെ 10.30 മുതൽ 12.10 വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയാകും. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തും. 
കരസേനാ ഓഫിസർമാരായ ദമ്പതികൾ പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ പരേഡിനുണ്ട്. മദ്രാസ് റെജിമെന്റ് സംഘത്തെ നയിച്ച് തമിഴ്നാട് സ്വദേശി മേജർ ജെറി ബ്ലെയ്സും കര, നാവിക, വ്യോമ സേനകളിലെ സംയുക്ത വനിതാ സംഘത്തിൽ അംഗമായി ഭാര്യയും മൈസൂരു സ്വദേശിയുമായ ക്യാപ്റ്റൻ സി.ടി.സുപ്രീതയുമാണ് പരേഡിൽ പങ്കെടുക്കുന്നത്. എൻസിസി കെഡറ്റുകളായി ഇരുവരും മുൻപും പരേഡിൽ പങ്കെടുത്തിട്ടുണ്ട്. 

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ 100 വനിതകൾ ചേർന്നൊരുക്കുന്ന ശംഖുനാദത്തോടെയാണ് പരേഡ് ആരംഭിക്കുക. കരസേനാ മേജർ സൗമ്യ ശുക്ല ദേശീയപതാക ഉയർത്തും. കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ആദ്യമായി ഒന്നിച്ച് പരേഡിൽ മാർച്ച് ചെയ്യും. ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരക്കും. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതായിരിക്കും ബിഎസ്എഫ് സംഘം. ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിക്കും. 

സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തും. 6 വയസ്സുകാരനടക്കം പ്രധാനമന്ത്രിയുടെ ബാൽ പുരസ്കാരം നേടിയ 18 പേർ പരേഡിൽ പങ്കെടുക്കും. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണുള്ളത്. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്ലോട്ട് ആണ് യുപി അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ നടക്കുന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്. 

English Summary:
Eighty percentage women in Republic day parade


Source link

Related Articles

Back to top button