ടെൽ അവീവ്: ഗാസയിൽ തിങ്കളാഴ്ച 24 ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. ഇതിൽ 21 പേരും ഒറ്റ സ്ഫോടനത്തിലാണു മരിച്ചത്. ഗാസ യുദ്ധത്തിൽ ഇസ്രേലി ഭാഗത്ത് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ ദിവസമാണിത്. ഇസ്രയേലിലെ കിസുഫിം പ്രദേശത്തോടു ചേർന്ന് സെൻട്രൽ ഗാസയിൽ വിന്യസിച്ചിരുന്ന 21 റിസർവ് സൈനികരാണു സ്ഫോടനത്തിൽ മരിച്ചത്. ഇവിടത്തെ രണ്ടു കെട്ടിടങ്ങൾ തകർക്കാനായി ഇസ്രേലി സേന കുഴിബോംബുകൾ സ്ഥാപിച്ചിരുന്നു. ഹമാസ് ഭീകരർ തൊടുത്ത മിസൈൽ സൈനികരുടെ ടാങ്കിൽ പതിച്ചതിനെത്തുടർന്ന് കുഴിബോംബുകളും പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അനുമാനിക്കുന്നു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തെത്തുടർന്ന് ഇസ്രേലി പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷനിലായിരുന്നു ഈ സൈനികരെന്ന് ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു.
തെക്കൻ ഗാസയിലെ മറ്റൊരാക്രമണത്തിൽ മൂന്നു സൈനികർകൂടി കൊല്ലപ്പെട്ടുവെന്നും ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണം മുതൽ കൊല്ലപ്പെട്ട ഇസ്രേലി സൈനികരുടെ എണ്ണം 545 ആയി. 217 പേർ ഗാസയിൽ കരയാക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ടതാണ്. ഇതിനിടെ, തിങ്കളാഴ്ച 195 പലസ്തീനികൾകൂടി കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബർ ഏഴിനു ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25,295 ആയി. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരം വളഞ്ഞുവെന്നാണ് ഇസ്രേലി സേന അറിയിച്ചിരിക്കുന്നത്. ഇസ്രേലി സൈനികർ ആശുപത്രികളിൽ അതിക്രമിച്ചു കയറുന്നതായി പലസ്തീൻ വൃത്തങ്ങൾ ആരോപിച്ചു.
Source link