കൊൽക്കത്ത ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ ഗുവാഹത്തി നഗരത്തിൽ പ്രവേശിക്കുന്നതു പൊലീസ് തടഞ്ഞു. പ്രകോപനമുണ്ടാക്കാൻ അണികൾക്കു നിർദേശം നൽകിയെന്നാരോപിച്ചു രാഹുൽ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ നിർദേശപ്രകാരമാണു നടപടി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കനയ്യ കുമാർ എന്നിവർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഹുലിന്റെ യാത്രയും അസമിലെ ബിജെപി സർക്കാരും തമ്മിലുള്ള സംഘർഷം തുടരുകയാണ്.
അസം- മേഘാലയ അതിർത്തിയിലുള്ള യുഎസ്ടിഎം സർവകലാശാല വിദ്യാർഥികളുമായുള്ള സംവാദം റദ്ദാക്കിയാണ് യാത്രക്കെതിരെയുള്ള പ്രതികാര നടപടികൾ ഇന്നലെ ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് സർവകലാശാല അധികൃതർ വേദി നിഷേധിച്ചതെന്നു രാഹുൽ ആരോപിച്ചു. സംവാദം റദ്ദാക്കിയതറിഞ്ഞു നൂറുകണക്കിനു വിദ്യാർഥികൾ രാഹുൽ താമസിച്ച ഹോട്ടലിനു മുൻപിലെത്തി. തുടർന്ന് സർവകലാശാലയുടെ മുന്നിൽ ബസിനു മുകളിൽ കയറി രാഹുൽ വിദ്യാർഥികളുമായി സംസാരിച്ചു.
ഗുവാഹത്തി നഗരത്തിന്റെ പ്രവേശനകവാടമായ ഖാനാപ്പാറയിൽ വൻ പൊലീസ് സന്നാഹം രാഹുലിനെ തടയുകയായിരുന്നു. ഗതാഗതക്കുരുക്കുണ്ടാകുമെന്നതിനാൽ നഗരത്തിനുള്ളിലൂടെ യാത്ര അനുവദിക്കില്ലെന്നു പൊലീസ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്തെങ്കിലും നഗരത്തിനു പകരം ബൈപ്പാസിലൂടെ യാത്ര തുടരാൻ ഒടുവിൽ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ശർമയെന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു.
English Summary:
No entry in Guwahati for Rahul Gandhi Nyay Yatra
Source link