INDIALATEST NEWS

അസം മുഖ്യമന്ത്രി ദ്രോഹിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ എല്ലാം ന്യായ് യാത്രയ്ക്ക് ഗുണകരമായി: രാഹുൽ ഗാന്ധി

ഗുവാഹത്തി∙ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഹിമന്ദ ബിശ്വ ശർമയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ വച്ച് ആക്രമണം ഉണ്ടാവുകയും കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തുടർച്ചയായി പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രിക്കെതിരെ രാഹുൽ രൂക്ഷ വിമർശനമുയർത്തിയത്. സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഹിമന്ദ അസം ഡിജിപിക്ക് നിർദേശവും നൽകിയിരുന്നു.
‘‘രാജ്യത്തെ തന്നെ ഏറ്റവും അഴിമതിക്കാരായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഹിമന്ദ ബിശ്വ ശർമ. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അതു തന്നെ. ന്യായ് യാത്രയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങളെല്ലാം യാത്രയ്ക്ക് ഗുണകരമായി ഭവിക്കുന്നതാണ് കാണുന്നത്. ഈ യാത്രയ്ക്ക് ഞങ്ങൾ പോലും പ്രതീക്ഷിക്കാത്ത പ്രചാരമാണ് അദ്ദേഹം നേടിത്തന്നത്.

‘‘ഇപ്പോഴത്തെ സാഹചര്യത്തിൽ അസമിലെ ഏറ്റവും വലിയ പ്രശ്നം ന്യായ് യാത്രയാണെന്നു തോന്നുന്നു. ക്ഷേത്രവും കോളജുകളും സന്ദർശിക്കാൻ പോലും അധികൃതർ അനുമതി നൽകുന്നില്ല. അതാണ് അവരുടെ ശൈലി. ഭയപ്പെടുത്താനാണ് ശ്രമം. എന്തായാലും ഞങ്ങളെ ഭയപ്പെടുത്താൻ അവർക്കു കഴിയില്ല.’’ – ന്യായ് യാത്രയ്‌ക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തേ, കോൺഗ്രസ് പ്രവർത്തകർ ബാരിക്കേ‍ഡ് പൊളിച്ച സംഭവത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. പ്രവർത്തകരെ രാഹുൽ പ്രകോപിപ്പിച്ചെന്നും ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. 

‘‘ഇത് അസം സംസ്കാരത്തിന്റെ ഭാഗമല്ല. സമാധാനമുള്ള സംസ്ഥാനമാണ് അസം. ഇത്തരം നക്സലൈറ്റ് തന്ത്രങ്ങൾ ഞങ്ങളുടെ സംസ്കാരത്തിന് അന്യമാണ്. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുലിന് എതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി’’– ഹിമന്ദ ബിശ്വ ശർമ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മാർഗനിർദേശങ്ങൾ പാലിക്കാത്തതുമൂലവും അച്ചടക്കമില്ലായ്മയും മൂലം ഗുവാഹത്തിയില്‍ വലിയ ഗതാഗതകുരുക്കു രൂപപ്പെട്ടതായും മുഖ്യമന്ത്രി വിമർശിച്ചു.

English Summary:
Rahul Gandhi slams Assam CM Sarma after Congress yatra stopped: ‘Free publicity…will benefit us’


Source link

Related Articles

Back to top button