ന്യൂഡൽഹി ∙ ബിൽക്കീസ് ബാനോ കേസിലെ കുറ്റവാളികൾ സുപ്രീം കോടതി ഉത്തരവനുസരിച്ച് ജയിലിലെത്തി കീഴടങ്ങിയത് അവസാന നിമിഷം. ഞായറാഴ്ച രാത്രി 11.45 കഴിഞ്ഞപ്പോഴാണ് ഇവർ ഗോധ്ര സബ് ജയിലിൽ എത്തിയത്. കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ അപ്പോൾ 15 മിനിറ്റേ ശേഷിച്ചിരുന്നുള്ളൂ. 2022 ൽ ജയിൽമോചിതരായ 11 പേരും രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിലേക്ക് മടങ്ങണമെന്നായിരുന്നു ഉത്തരവ്. സമയം നീട്ടി നൽകണമെന്ന ഇവരുടെ ആവശ്യം കോടതി തള്ളി.
ഇളവു തേടി ഇവർ വൈകാതെ മഹാരാഷ്ട്ര സർക്കാരിനെ സമീപിച്ചേക്കും. ഇല്ലാത്ത അധികാരം ഉപയോഗിച്ചു ഇവരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കിയ സുപ്രീം കോടതി, മോചന ഉത്തരവിടാനുള്ള അധികാരം മഹാരാഷ്ട്ര സർക്കാരിനാണെന്ന് വ്യക്തമാക്കിയിരുന്നു. കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ നിയമം അനുസരിച്ച് ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുടെ മോചനത്തിനുള്ള അപേക്ഷ 28 വർഷം കഴിഞ്ഞേ പരിഗണിക്കൂ. കുറഞ്ഞത് 14 വർഷം ജയിലിൽ കഴിഞ്ഞിരിക്കുകയും വേണം.
ഇതിനു പുറമേ മുംബൈ സ്പെഷൽ കോടതിയുടെ നിലപാടും പ്രസക്തമാകും. ഈ കേസിൽ കുറ്റവാളികൾക്ക് അനുകൂലമായിരുന്നില്ല നേരത്തേ സ്പെഷൽ കോടതിയുടെ റിപ്പോർട്ട്. ഗുജറാത്ത് കലാപകാലത്ത് ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ സംഘം ചേർന്നു ബലാത്സംഗം ചെയ്യുകയും 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇവർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
English Summary:
Bilkis Bano case convicts surrendered at 11.45 pm
Source link