ദോഹ: യെമനിലെ ഹൂതി വിമതർക്ക് ഇറാൻ അയച്ച ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കത്തിനിടെ കാണാതായ രണ്ടു നേവി സീൽ കമാൻഡോകൾ മരിച്ചുവെന്നു കരുതുന്നതായി അമേരിക്കൻ സേന അറിയിച്ചു. ഈ മാസം 11നു സൊമാലിയൻ തീരത്തുവച്ചായിരുന്നു സംഭവം. ആയുധങ്ങളുമായി വന്ന കപ്പലിൽ കമാൻഡോകൾ കയറുന്നതിനിടെ ഒരാൾ പ്രക്ഷുബ്ധമായ കടലിൽ വീഴുകയായിരുന്നു. പ്രോട്ടോകോൾ അനുസരിച്ച് ഇയാളെ രക്ഷിക്കാൻ മറ്റൊരു കമാൻഡോ പിന്നാലെ ചാടി. പത്തുദിവസം തെരച്ചിൽ നടത്തിയിട്ടും രണ്ടു പേരെയും കണ്ടെത്താനായില്ല. അമേരിക്ക, ജപ്പാൻ, സ്പെയിൻ രാജ്യങ്ങളിലെ നാവികസേനാംഗങ്ങൾ അന്പതിനായിരത്തിലധികം ചതുരശ്ര കിലോമീറ്റർ പ്രദേശത്തു തെരച്ചിൽ നടത്തിയിരുന്നു. കമാൻഡോകളുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായിരിക്കും ഇനി ശ്രമിക്കുകയെന്ന് യുഎസ് സേന പറഞ്ഞു.
ഹൂതി വിമതർ ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നേവി സീൽ ഓപ്പറേഷൻ. പിടിച്ചെടുത്ത കപ്പലിൽനിന്നു ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഘടകങ്ങളും കണ്ടെടുത്തിരുന്നു.
Source link