സ്ട്രെയ്റ്റ് മാസ്റ്റർ

മെൽബണ്‍: ഓപ്പണ്‍ കാലഘട്ടത്തിലെ ഓസ്ട്രേലിയൻ ഓപ്പണിൽ സ്ട്രെയ്റ്റ് സെറ്റ് വിജയശതമാനത്തിൽ സ്പാനിഷ് യുവതാരം കാർലോസ് അൽകരസിന് ചരിത്ര നേട്ടം. 21 വയസിനുള്ളിൽ ഓസ്ട്രേലിയൻ ഓപ്പണിലെ നേരിട്ടുള്ള സെറ്റ് വിജയശതമാനത്തിൽ അമേരിക്കൻ മുൻ താരം ആന്ദ്രേ അഗാസിയെ (47.5) പിന്തള്ളി അൽകരസ് (48.1) രണ്ടാമതെത്തി. സ്പാനിഷ് സൂപ്പർ താരമായ റാഫേൽ നദാൽ (54.4) മാത്രമാണ് അൽകരസിനു മുന്നിലുള്ളത്. ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ സെർബിയയുടെ മിയോർമിർ കെക്മാനോവിച്ചിനെ 4-6, 4-6, 0-6ന് തകർത്താണ് അൽകരസ് ഈ നേട്ടത്തിലെത്തിയത്. 20 വയസും 263 ദിവസവും മാത്രമാണ് അൽകസിന്റെ പ്രായം. 22 വയസ് പൂർത്തിയാകുന്നതിനു മുന്‍പ് അടുത്ത സീസണ് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനുള്ള സാധ്യതയും അൽകരസിനുണ്ടെന്നു ചുരുക്കം. ഓസ്ട്രേലിയൻ ഓപ്പണിൽ അൽകരസ് ആദ്യമായാണ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. രണ്ടാം റാങ്കുകാരനായ അൽകരസിന്റെ ക്വാർട്ടർ എതിരാളി ജർമൻതാരം അലലക്സാണ്ടർ സ്വരേവാണ്. ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ പ്രീക്വാർട്ടറിൽ കീഴടക്കിയാണ് സ്വരേവ് അവസാന എട്ടിൽ എത്തിയത്, 7-5, 3-6, 6-3, 4-6, 7-6 (10-3).
ഇന്നലെ നടന്ന മറ്റ് പുരുഷ സിംഗിൾസ് പ്രീക്വാർട്ടറുകളിൽ റഷ്യയുടെ ഡാനിൽ മെദ്വെദേവ് 6-3, 7-6 (7-4), 5-7, 6-1ന് പോർച്ചുഗലിന്റെ നൂനൊ ബോർഗസിനെയും പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാക്സ് 7-6 (8-6), 7-6 (7-3), 6-4ന് ഫ്രാൻസിന്റെ ആർതർ കാസോക്സിനെയും തോൽപ്പിച്ചു. മെദ്വദേവും ഹർകാക്സും തമ്മിലാണ് ക്വാർട്ടർ പോരാട്ടം. സ്വിറ്റോലിന, അസരെങ്ക ഔട്ട് വനിതാ സിംഗിൾസിൽ 18-ാം സീഡായ ബെലാറൂസിന്റെ വിക്ടോറിയ അസരെങ്കയും 19-ാം സീഡായ യുക്രെയ്നിന്റെ എലീന സ്വിറ്റോലിനയും പ്രീക്വാർട്ടറിൽ പുറത്ത്. ചെക് താരം ലിൻഡ നോസ്കോവയ്ക്കെതിരേ 3-0നു പിന്നിട്ടുനിൽക്കുന്പോൾ പരിക്കേറ്റാണ് സ്വിറ്റോലിന മടങ്ങിയത്. യുക്രെയ്നിന്റെ ഡയാന യാസ്ട്രെംസ്കയോടാണ് അസരെങ്ക പരാജയപ്പെട്ടത്. സ്കോർ: 7-6 (8-6), 6-4. 12-ാം സീഡായ ചൈനയുടെ ക്വിൻവെൻ ഹെങ് 6-0, 6-3ന് ഫ്രാൻസിന്റെ ഓഷ്യൻ ഡോഡിനെ കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു. 26-ാം സീഡായ ഇറ്റലിയുടെ ജാസ്മിൻ പൗളിനിയെ അട്ടിമറിച്ച് സീഡില്ലാത്ത റഷ്യൻ താരം അന്ന കലിൻസ്കായയും അവസാന എട്ടിൽ കടന്നു. സ്കോർ: 6-4, 6-2.
Source link