CINEMA

‘എമ്പുരാൻ’ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി, ഇനി അമേരിക്കയിലേക്ക്; മോഹൻലാലും എത്തും

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ‘എമ്പുരാൻ’ സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി. യുകെയിലായിരുന്നു ചിത്രീകരണം. അടുത്ത ഷെഡ്യൂൾ അമേരിക്കയിൽ ആരംഭിക്കും. മോഹൻലാൽ ഉടൻ ജോയിൻ ചെയ്തേക്കും.
കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക.

സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലഡാക്കിൽ പൂർത്തിയായിരുന്നു. മലയാളത്തിൽ നിന്നുള്ള യഥാർഥ പാൻ ഇന്ത്യൻ സിനിമയാകും എമ്പുരാൻ എന്ന് ആരാധകർ വിലയിരുത്തുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നതായാണ് റിപ്പോർട്ട്

ലൂസിഫറിന്റെ പ്രീക്വൽ ആണു ചിത്രം. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്റാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. ടൊവിനോ തോമസും ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തിയേക്കും. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എമ്പുരാനിലാകും പറഞ്ഞുപോകുന്നത്.

2018 സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനറായ മോഹൻദാസ് ആണ് എമ്പുരാന്റെ കലാ സംവിധാനം. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങിയത്.
മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

English Summary:
Prithviraj Sukumaran wraps up second schedule of Empuraan movie


Source link

Related Articles

Back to top button