എന്താണ് പ്രാണപ്രതിഷ്ഠ? ചടങ്ങ് നടക്കുന്നത് പവിത്രമായ മുഹൂർത്തത്തിൽ

പ്രാണ എന്നാൽ ജീവൻ, ശ്വാസം, ആത്മാവ് എന്നാണ്. പ്രാണപ്രതിഷ്ഠ എന്നാൽ ക്ഷേത്രത്തിനു ജീവൻ നൽകുക എന്നർത്ഥമുള്ള ഒരു ആചാരമാണ്. അയോധ്യയിൽ 2024 ജനുവരി 22ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്നത് പവിത്രമായ അഭിജിത് മുഹൂർത്തത്തിലാണ്. ഉച്ചയ്ക്ക് 12. 29:8 മുതൽ 12.30:32 വരെയു ള്ള 84 സെക്കൻഡ് മാത്രം ആണ് ഈ മുഹൂർത്തം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് ഈ മുഹൂർത്തം കുറച്ചത്. ക്ഷേത്രത്തിൽ വിഗ്രഹം സ്ഥാപിച്ച് അതിനു ചൈതന്യം നൽകുന്ന താന്ത്രിക ചടങ്ങാണ് പ്രതിഷ്ഠ. ഈ കർമം അനുഷ്ഠിക്കുന്നതിലൂടെ തന്ത്രി ആ ദേവന്റെ പിതൃസ്ഥാനത്ത് എത്തുന്നു. അരുവിപ്പുറത്ത് ശ്രീ നാരായണഗുരുദേവൻ ആദ്യമായി ശിവനെ പ്രതfഷ്ഠിച്ചപ്പോൾ അതു വരെയുണ്ടായിരുന്ന പാരമ്പര്യത്തിന് മാറ്റം ഉണ്ടാവുകയാണ് ചെയ്തത്. ഇത് കേരള ചരിത്രത്തിൽത്തന്നെ വലിയ മാറ്റത്തിന് കാരണമാവുകയും ചെയ്തു. ശങ്കരാചാര്യരും പരശുരാമനും ആണ് അനേകം ക്ഷേത്രങ്ങളുടെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത്.
പ്രതിഷ്ഠ ഉറയ്ക്കാതിരുന്ന സമയത്ത് നാറാണത്തു ഭ്രാന്തൻ കയറിച്ചെന്ന് അഷ്ടബന്ധത്തിലേക്ക് മുറുക്കിത്തുപ്പി ‘ഇരി അവിടെ’ എന്നു പറഞ്ഞ് പ്രതിഷ്ഠിച്ച, എറണാകുളം ജില്ലയിലെ ഏലൂരിൽ ഉള്ള നാറാണത്ത് ക്ഷേത്രവും നമുക്ക് സുപരിചിതമാണ്. ഈ ആചാരം ക്ഷേത്രത്തിനു ജീവൻ പകരുന്നതും ദൈവികതയുടെയും ആത്മീയതയുടെയും സാന്നിധ്യം കൊണ്ടുവരുന്നതും ആയി കണക്കാക്കപ്പെടുന്നു. ചടങ്ങിൽ സാധാരണയായി ഒരു പൂജ ഉൾപ്പെടുന്നു, സംസ്‌കൃത മന്ത്രങ്ങൾ ഉരുവിടുന്നു, ദേവനെ ശ്രീകോവിലിനു പുറത്തു നിന്ന് അതിനുള്ളിലേക്കു മാറ്റുന്നു. ദീർഘയാത്രയ്ക്ക് ശേഷം ആദരണീയനായ അതിഥിയെ സ്വീകരിക്കുന്നതുപോലെ, ദേവനെ ക്ഷേത്രത്തിലെ താമസത്തിന് ക്ഷണിക്കുന്നതും കുളിപ്പിച്ച് ശുദ്ധീകരിക്കുന്നതും ഈ ചടങ്ങിൽ ഉൾപ്പെടുന്നു.

തുടർന്ന് ദേവനെ വസ്ത്രം ധരിപ്പിച്ച് സുഖപ്രദമായ സ്ഥലത്ത് ഇരുത്തും. സ്തുതി ഗീതങ്ങളോടെയുള്ള ന്യാസ ചടങ്ങ് മൂർത്തിയുടെ വിവിധ ഭാഗങ്ങളിൽ സ്പർശിക്കുന്ന പ്രവൃത്തി, വിവിധ സാന്നിധ്യത്തെ പ്രതീകപ്പെടുത്തുന്നു. ദേവന്മാർ ഇന്ദ്രിയാവയവങ്ങളായി – കൈയായി ഇന്ദ്രൻ, ഹൃദയമായി ബ്രഹ്മാവ്, കണ്ണുകളായി സൂര്യ ചന്ദ്രന്മാർ – സങ്കൽപ്പിക്കപ്പെടുന്നു. പുരോഹിതൻ പ്രത്യേക മന്ത്രങ്ങൾ ഉരുവിടുകയും വിഗ്രഹത്തിലേക്കു പ്രാണൻ അഥവാ ദേവചൈതന്യം സന്നിവേശിപ്പിക്കുന്നതിനുള്ള ചടങ്ങുകൾ നടത്തുകയും ചെയ്യുന്നു.

വിഗ്രഹത്തിലേക്കു ചൈതന്യം സന്നിവേശിക്കുന്ന സമയത്ത് ഭക്തർ ദേവന്റെ അനു ഗ്രഹം തേടാറുണ്ട്. സുഗന്ധമുള്ള വെള്ളവും പൂക്കളും തളിക്കുന്നതും ചടങ്ങിൽ പെടുന്നു, തുടർന്ന് വിഗ്രഹത്തിന്റെ കണ്ണുതുറക്കൽ നടത്തുന്നു. അതോടെ ദേവതയെ പ്രതിഷ്ഠിച്ചതായി കണക്കാക്കുന്നു. കേരളീയ ആചാരം താന്ത്രസമുച്ചയവിധി പ്രകാരമാണ് ചടങ്ങുകൾ നടത്തുന്നത്. എന്നാൽ അയോധ്യയിലെ ചടങ്ങുകൾ അവിടുത്തെ സമ്പ്രദായ പ്രകാരമാണ് നടക്കുന്നത്. രാമക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലനായ ശ്രീരാമനാണ്. ശ്രീകോവിൽ ഉള്ള ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ സ്വർണം പൊതിഞ്ഞ വാതിലുകൾ ആണ് സ്ഥാപിച്ചത്.


Source link
Exit mobile version