ഹൈദരാബാദ്: ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽനിന്ന് ബാറ്റർ ഹാരി ബ്രൂക്ക് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം. 25ന് ഹൈദരാബാദിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനായി ഇന്നലെ ഇംഗ്ലണ്ട് ടീം എത്താനിരിക്കേയാണ് ബ്രൂക്കിന്റെ പിന്മാറ്റം. ഇന്ത്യക്കെതിരായ പരന്പരയ്ക്കു മുന്നോടിയായി യുഎഇയിലായിരുന്നു ഇംഗ്ലണ്ടിന്റെ ടീം ക്യാന്പ്. യുഎഇയിൽനിന്ന് ബ്രൂക്ക് സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. ഹാരി ബ്രൂക്കിനു പകരം ഡാൻ ലോറൻസിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി.
അതേസമയം, ഇന്ത്യയിൽ പരന്പര ജയിക്കുക എന്ന ഇംഗ്ലീഷ് സ്വപ്നത്തിനു കനത്ത പ്രഹരമാണ് ഹാരി ബ്രൂക്കിന്റെ അഭാവം. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ക്രിക്കറ്റിലെ നിർണായ സാന്നിധ്യമാണ് ബ്രൂക്ക്. 2022 സെപ്റ്റംബറിൽ അരങ്ങേറിയ ബ്രൂക്ക് ഇതുവരെ 12 ടെസ്റ്റിൽനിന്ന് നാല് സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയുമടക്കം 1181 റണ്‍സ് നേടി.
Source link