ഗാസയിൽ മരണം 25,000 പിന്നിട്ടു

കയ്റോ: ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25,105 ആയെന്ന് ഹമാസിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 62,681 ആണ്. ശനിയാഴ്ച മാത്രം 178 മൃതദേഹങ്ങൾ ഗാസയിലെ ആശുപത്രികളിൽ ലഭിച്ചു. മരണക്കണക്കിൽ ഹമാസ് തീവ്രവാദികളെയും സിവിലിയൻ ജനങ്ങളെയും വേർതിരിച്ചു കാണിച്ചിട്ടില്ല. പക്ഷേ, മരിച്ചവരിൽ മൂന്നിൽ രണ്ടും വനിതകളും കുട്ടികളുമാണെന്ന് ഗാസാവൃത്തങ്ങൾ പറയുന്നു. 9,000 ഭീകരരെ വധിച്ചതായിട്ടാണ് ഇസ്രേലി സേന അവകാശപ്പെടുന്നത്. ഭീകരർ ജനനിബിഡ മേഖലകളിൽ മറഞ്ഞിരിക്കുന്നതുകൊണ്ടാണ് സിവിലിയൻ മരണസംഖ്യ ഉയരുന്നതെന്നും ഇസ്രേലി സേന അവകാശപ്പെടുന്നു.
ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രേലി സേന നടത്തുന്ന ബോംബിംഗിൽ ഗാസ ഒട്ടുമുക്കാലും തരിപ്പണമായിക്കഴിഞ്ഞു. പക്ഷേ, ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധം നിർത്തില്ലെന്നും ഇതിന് ഇനിയും മാസങ്ങളെടുക്കാമെന്നുമാണ് ഇസ്രേലി നേതൃത്വം പറയുന്നത്. വെടിനിർത്താനുള്ള അന്താരാഷ്ട്ര സമ്മർദങ്ങളെ ഇസ്രയേൽ അവഗണിക്കുകയാണ്. യുദ്ധാനന്തരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കെതിരേയും ഇസ്രേലി നേതൃത്വം ശബ്ദമുയർത്തിക്കഴിഞ്ഞു.
Source link