‘അയോധ്യയിലെ പ്രാണപ്രതിഷ്ഠ ഭാരതവർഷത്തിന്റെ പുനർനിർമാണ പ്രചാരണത്തിന്റെ തുടക്കം; സംഘർഷവും വിദ്വേഷവും മതിയാക്കണം’


ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ‘ഭാരതവർഷ’ത്തിന്റെ (ഭാരതഭൂമി) പുനർനിർമാണ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.  അയോധ്യ തർക്കവുമായി ബന്ധപ്പെട്ട സംഘർഷവും വിദ്വേഷവും അവസാനിപ്പിക്കണമെന്നും ആർഎസ്എസിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 
‘‘സമൂഹം മുഴുവൻ പെരുമാറ്റത്തിന്റെ ആദർശമായി ശ്രീരാമനെ അംഗീകരിക്കുന്നു. അതിനാൽ, ഇപ്പോൾ തർക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഉയർന്നുവന്ന സംഘർഷം അവസാനിപ്പിക്കണം. അതിനിടയിൽ ഉണ്ടായ വിദ്വേഷവും അവസാനിക്കണം. ഐക്യത്തിന്റെയും പുരോഗതിയുടെയും സമാധാനത്തിന്റെയും പാത കാണിക്കുന്ന ‘ഭാരതവർഷ’ത്തിന്റെ പുനർനിർണാണത്തിനുള്ള പ്രചാരണത്തിന്റെ തുടക്കമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ.

ഇന്ത്യയുടെ ചരിത്രം അധിനിവേശങ്ങളാൽ നിറഞ്ഞതാണ്. വൈദേശിക ആക്രമണകാരികൾ ഇന്ത്യയിലെ ക്ഷേത്രങ്ങൾ തകർത്തു. പലതവണ ഇതാവർത്തിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ മനോവീര്യം തകർക്കാനാണ് അയോധ്യയിലെ രാമക്ഷേത്രം തകർത്തത്. എന്നാൽ, നമ്മൾ പ്രതിരോധം തുടർന്നു, തലകുനിച്ചില്ല. ചെറുത്തുനിൽപ്പിന്റെ പോരാട്ടം തുടർന്നു. രാമന്റെ ജന്മസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അവിടെ ക്ഷേത്രം പണിയാനും ആവർത്തിച്ചുള്ള ശ്രമങ്ങൾ നടന്നു. രാമജന്മഭൂമി വിഷയം ഹിന്ദുക്കളുടെ മനസ്സിൽ വേരൂന്നിയതാണ്’’– അദ്ദേഹം കൂട്ടിച്ചേർത്തു.


Source link
Exit mobile version