തൊണ്ടു നിവേദ്യവും പൊങ്കാലയും; വരദായിനിയായി കാളിക്കുളങ്ങര മുത്തി
സവിശേഷമായ വഴിപാടുകളും ചടങ്ങുകളുമുള്ള ഒരു ക്ഷേത്രമാണ് എറണാകുളത്ത് വടക്കൻ പറവൂരിൽ നന്ത്യാട്ടുകുന്നം ഗ്രാമത്തിലെ കാളിക്കുളങ്ങര (Kalikulangara Temple Nanthiattukunnam Paravur). ദേവിയെ സേവിച്ച ഒരു ഭക്തന്റെ കൈവശമുണ്ടായിരുന്ന ഭദ്രകാളി സാന്നിധ്യമുള്ള ശില ഇവിടെ കുളത്തിൽ കുടിയിരുത്തി എന്നാണ് വിശ്വാസം. കുളക്കരയിൽ കാളി സാന്നിധ്യം ഉള്ളതിനാലാണത്രേ കാളികുളങ്ങര എന്ന് അറിയപ്പെടുന്നത്. ആദ്യ കാലത്ത് ഇതൊരു കാവായിരുന്നു.
തൊണ്ടു നിവേദ്യം. ചിത്രം ∙ ഡോ. പി. ബി. രാജേഷ്
ചതുരാകൃതിയിലെ ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്. കിഴക്ക് ദർശനമായാണ് പ്രതിഷ്ഠ. കാളിക്കുളങ്ങര മുത്തി എന്ന് ദേവിയെ ഭക്തർ വിളിക്കുന്നു. ഭദ്രകാളിയുടെ വലതു വശത്ത് കിഴക്കോട്ട് ദർശനമായി വീരഭദ്രനും സുന്ദരി യക്ഷിയും. ഉപദേവന്മാരായി ഇടതു വശത്ത് ഘണ്ടാകർണനും ബ്രഹ്മ രക്ഷസും നാഗയക്ഷിയും നാഗരാജാവും. ശ്രീകോവിലിന്റെ വലതു വശത്തെ മുറിയിൽ ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ഭദ്രകാളിയുടെ ദാരു വിഗ്രഹം. ഘണ്ടാകർണന്റെ ശ്രീ കോവിലിനു പടിഞ്ഞാറു ദർശനമായി ബ്രഹ്മരക്ഷസ് കുടി കൊള്ളുന്നു.
ഏഴുനിലകളുള്ള വിളക്ക്. ചിത്രം ∙ ഡോ. പി. ബി. രാജേഷ്
ധനുമാസം 29–ാം തീയതിയാണ് (14 ജനുവരി 2024) കൊടിയേറ്റം. കുഭം 2 മുതൽ 12 വരെയാണ് (15 ഫെബ്രുവരി മുതൽ 25 വരെ) പ്രധാന ഉൽസവം. മകരം ഒന്നിന് കൊടിയേറിയാൽ മകര ചൊവ്വയ്ക്കും ഇവിടെ പൊങ്കാലയും തെണ്ടും സമർപ്പിക്കുന്നു. ഈ ക്ഷേത്രത്തിൽ മാത്രം കണ്ടു വരുന്ന പ്രത്യേക വഴിപാടാണ് തെണ്ട് നിവേദ്യം. അരിപ്പൊടി, തേങ്ങ, ശർക്കര, ചുക്ക്, ഏലക്ക, എള്ള് എന്നിവ വെള്ളം ചേർത്ത് കുഴച്ച് കവുങ്ങിൻ പാളയിൽ കെട്ടിവച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട് അതിനു മുകളിൽ കനലുകൾ ഇട്ടാണ് നിവേദ്യം ചുട്ടെടുക്കുന്നത്. ഒരാളുടെ നീളത്തിലുള്ള തെണ്ടു വരെ ഭക്തർ വഴിപാടായി സമർപ്പിക്കാറുണ്ട്. കാലുവേദന, മുട്ടുവേദന തുടങ്ങിയ അസുഖങ്ങൾക്കാണ് കാൽ തെണ്ട് നിവേദിക്കുന്നത്. രോഗശമനത്തിന് വെള്ളി ആൾരൂപം, കൈ, കാൽ എന്നിവയും സമർപ്പിക്കും. സ്ത്രീകൾ പൊങ്കാല ഇടുന്നതാണ് മറ്റൊരു സവിശേഷത.
മകരം ഒന്നിന് കൊടിയേറിയാൽ മകര ചൊവ്വയ്ക്കും ഇവിടെ പൊങ്കാലയും തെണ്ടും സമർപ്പിക്കുന്നു. ഉൽസവ ദിവസങ്ങളിൽ അന്നദാനവും നടത്തുന്നു. ഉൽസവത്തിന്റെ 41–ാം ദിവസം വലിയ വിളക്കാണ്. വ്രതം എടുത്ത ഭക്തർ ഏഴുനിലകളുള്ള വിളക്കുമായി ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കും.
കാളിക്കുളങ്ങര ക്ഷേത്രം കൊടിയേറ്റ് . ചിത്രം ∙ ഡോ. പി. ബി. രാജേഷ്
നിത്യവും രാവിലെ 5 മുതൽ 10.30 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ് ദർശന സമയം. ശിവഗിരി മഠത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ശ്രീ നാരായണ ഗുരുവിന്റെ പ്രതിഷ്ഠയുമുണ്ട്. ഗുരു ഇവിടം സന്ദർശിച്ചിട്ടുണ്ട്. പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാകേഷാണ് ഇപ്പോഴത്തെ തന്ത്രി. പെരുവാരം മഹാദേവ ക്ഷേത്രം, മന്നം സുബ്രഹ്മണ്യ ക്ഷേത്രം, കെടാമംഗലം കാലഭൈരവ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും സമീപത്തുണ്ട്. വിശദവിവരങ്ങൾക്ക് : 8606200371
English Summary:
Know more about Kalikulangara Temple Nanthiattukunnam, Paravur
Source link