‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’
തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും അവരവരുടെ വിശ്വാസത്തിൽ പൂർണ അവകാശമുണ്ട്. മറ്റ് അവസരങ്ങളിൽ കോൺഗ്രസ് നേതാക്കൾ അയോധ്യ ഉൾപ്പെടെ പല ക്ഷേത്രങ്ങളിലും പോകും. ഞാൻ ക്ഷേത്രങ്ങളിൽ പോകുന്നതിനു വലിയ പ്രചാരണം നൽകാറില്ല. അവസരം ലഭിക്കുമ്പോൾ താനും അയോധ്യയിൽ പോകുമായിരിക്കുമെന്നും തരൂർ പറഞ്ഞു.
‘‘ഞാൻ ക്ഷേത്രത്തിൽ പോകുന്നതു പ്രാർഥിക്കാനാണ്, രാഷ്ട്രീയം കളിക്കാനല്ല. എല്ലാ വ്യക്തികൾക്കും ദൈവവുമായുള്ള ബന്ധം സ്വകാര്യ വിശ്വാസമാണ്. ഞാൻ ആരുടെയും വിശ്വാസത്തെ കുറ്റം പറയില്ല. എന്റെ വിശ്വാസം എന്റെ സ്വകാര്യ വിഷയമാണ്. പല രോഗികളും ചികിത്സ തേടിയെത്തുമ്പോൾ 22ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആശുപത്രി ഉച്ച വരെ അടച്ചിടുന്നതു ശരിയാണോ? ആളുകൾ ആരോഗ്യത്തിനു വേണ്ടി ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കും. അതിന്റെ ഫലം കിട്ടുന്നത് ആശുപത്രികളിൽ പോകുമ്പോഴാണ്. ആശുപത്രി അടച്ചിട്ടാൽ എന്താണ് അതിന്റെ അർഥം?
അയോധ്യ ക്ഷേത്രച്ചടങ്ങിനു പോയാൽ നിങ്ങൾ ബിജെപിയിൽ ചേർന്നോ എന്നു ചോദിക്കും. പോയില്ലെങ്കിൽ നിങ്ങളൊരു ഹിന്ദു വിരോധിയാണോ എന്നു ചോദിക്കും. കോൺഗ്രസ് പുറപ്പെടുവിച്ച പ്രസ്താവന നോക്കിയാൽ മനസ്സിലാകും, പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്ന ചടങ്ങ് രാഷ്ട്രീയ വിഷയമായി മാറി. അതിൽ ഞങ്ങൾ പങ്കെടുക്കുന്നില്ല. അതിൽ ക്ഷേത്രവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട ഒരു കാര്യവും പറയുന്നില്ല. സുപ്രീം കോടതി ഉത്തരവു വന്നതോടെ അതു രാജ്യത്തിന്റെ വിഷയമായി മാറി. ബിജെപിയുടെ ലക്ഷ്യം എപ്പോഴും രാഷ്ട്രീയം തന്നെയാണ്. രാമക്ഷേത്രവും മറ്റും ഉദ്ഘാടനം ചെയ്ത ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഗുജറാത്തിനെപ്പോലെ രാജ്യത്തെയും വികസനത്തിലേക്കു നയിക്കുമെന്നു പറഞ്ഞാണ് 2014ൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതു നടന്നില്ല.
2019ൽ രാജ്യത്തെ സംരക്ഷിക്കാനാണെന്നു പറഞ്ഞ് മിന്നലാക്രമണത്തിന്റെ പേരിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതും നടന്നില്ല. അതു കഴിഞ്ഞാണ് ചൈന തിരിച്ചടി നൽകിയത്. വികസന വിഷയത്തിലും രാജ്യസുരക്ഷയെക്കുറിച്ചും സംസാരിച്ചാൽ വോട്ടു കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഹിന്ദുഹൃദയ സമ്രാട്ട് എന്ന അവരുടെ യഥാർഥ വിഷയത്തിലേക്ക് അവരെത്തിയത്. ദൈവത്തിനു വേണ്ടിയല്ല, ഒരു പാർട്ടിക്കു വേണ്ടിയല്ലേ ജനങ്ങൾ വോട്ടു ചെയ്യേണ്ടത്. ആ പാർട്ടി ഈ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? സാധാരണക്കാരന്റെ നിത്യജീവിതത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയത്തിൽ അവർക്ക് എന്തെങ്കിലും ചെയ്യാനായോ?’’– തരൂർ ചോദിച്ചു.
English Summary:
Shashi Tharoor says that BJP is using the Pranapratishta ceremony in Ayodhya for politics
Source link