INDIALATEST NEWS

പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ളപ്പോൾ മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ഊർജിതനീക്കം; ലങ്കയിലെ ഇന്ത്യൻ എംബസിക്ക് നിർദേശം


ചെന്നൈ∙ ശ്രീലങ്കയിൽ തടവിലുള്ള മത്സ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതമാക്കാൻ നിർദേശം. 40 മത്സ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട് ലങ്കയിലെ ഇന്ത്യൻ എംബസിക്കു നിർദേശം നൽകി. പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ളപ്പോൾ മോചിപ്പിക്കാനാണ് നീക്കം നടത്തുന്നത്. 
കഴിഞ്ഞ ആറുദിവസത്തിനിടെ തമിഴ്നാട്ടിലെ വിവിധഭാഗങ്ങളിൽ നിന്നുപോയ നാൽപതോളം മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചു എന്ന കാരണം പറഞ്ഞ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. നയതന്ത്രതലത്തിലെ ചർച്ചകൾക്കു പിന്നാലെ ഇവരെ മോചിപ്പിക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി എന്നാണ് വിവരം. ഇതുസംബന്ധിച്ച കോടതി നടപടികൾ പൂർത്തിയാക്കി ഇവരുടെ മോചനം വളരെ വേഗത്തിലാക്കി തമിഴ്നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ്  നടക്കുന്നത്. പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ളപ്പോൾ തന്നെ ഇവരെ തമിഴ്നാട്ടിലെത്തിക്കുന്നതിലൂടെ വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകുകയാണ് ബിജെപിയുടെ ലക്ഷ്യം. 

ഗുജറാത്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീരദേശമുള്ള സംസ്ഥാനമാണ് തമിഴ്നാട്. തമിഴ്നാട്ടിലെ 15 ജില്ലകളിലെ 17 ലോക്സഭാ മണ്ഡലങ്ങളിലെ ജയപരാജയങ്ങളിൽ വളരെ നിർണായകമാണ് മത്സ്യത്തൊഴിലാളി വോട്ട്. അതുകൊണ്ടു തന്നെയാണ് നേരത്തെ ബിജെപിയുടെ സംസ്ഥാന പദയാത്ര രാമനാഥപുരത്തു നിന്ന് തുടങ്ങിയത്. അടുത്തിടെ ഒരു മത്സ്യത്തൊഴിലാളി കോൺഫറൻസിൽ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയുടെ പിടിയിലാകുന്നത് കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്നുള്ള അതിരൂക്ഷമായ വിമർശനവും ഉയർന്നിരുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ എണ്ണൂറോളം മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായത്. 


Source link

Related Articles

Back to top button