അയോധ്യ പ്രതിഷ്ഠാ ചടങ്ങ്: ഓഹരി വിപണികൾക്ക് തിങ്കളാഴ്ച അവധി; ഇന്ന് വ്യാപാരം പൂർണതോതിൽ

മുംബൈ∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22ന് ഓഹരി വിപണികൾക്ക് അവധി. തിങ്കളാഴ്ച മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാലാണ് നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എൻഎസ്‌ഇ), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബിഎസ്‌ഇ) അടച്ചിടുന്നത്.
ആഴ്ച അവസാനമാണെങ്കിലും ശനിയാഴ്ച വ്യാപാരം പൂർണതോതിൽ നടക്കും. ഇതിനുശേഷം ചൊവ്വാഴ്ചയാണ് വ്യാപാരം പുനഃരാരംഭിക്കുക. വെള്ളിയാഴ്ച ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.75% ഉയർന്ന് 21,622.40 പോയിന്റിലും ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 0.70% ഉയർന്ന് 71,683.23 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് നിരവധി സംസ്ഥാനങ്ങൾ അവധി പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയ്ക്കു പുറമെ ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ചണ്ഡിഗഡ് എന്നിവടങ്ങളിലും അവധിയാണ്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് 22ന് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതു പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾക്കും പ്രാദേശിക റൂറൽ ബാങ്കുകൾക്കും ബാധകമാണെന്നും ധനമന്ത്രാലയം അറിയിച്ചു.
അയോധ്യ സ്ഥിതിചെയ്യുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ 22ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. സംസ്ഥാനത്ത് അന്നു മദ്യവിൽപനയും നിരോധിച്ചിട്ടുണ്ട്. ഹരിയാനയിലെ സ്കൂളുകൾക്ക് അവധിയാണ്. മദ്യവിൽപനയും നിരോധിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ത്രിപുര, ഛത്തീസ്ഗഡ്, അസം, ഒഡീഷ സംസ്ഥാനങ്ങളിൽ ഉച്ചയ്ക്ക് 2.20 വരെ അവധി പ്രഖ്യാപിച്ചു.
English Summary:
Indian stock market to trade in full session on Saturday; shut on Monday
Source link