കർണാടക ചീഫ് ജസ്റ്റിസ് പി.ബി.വരാലെ സുപ്രീം കോടതിയിലേക്ക്
ന്യൂഡൽഹി ∙ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ബി.വരാലെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ജസ്റ്റിസ് വരാലെ 2008 ലാണ് ജഡ്ജിയായത്. രാജ്യത്തെ ഹൈക്കോടതികളിൽ നിലവിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഏക ചീഫ് ജസ്റ്റിസാണ്.
ജസ്റ്റിസ് സഞ്ജയ് കിഷൻ കോൾ വിരമിച്ചതിനെ തുടർന്നുവന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് വരാലെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്തത്. ഇതേ തുടർന്ന് ഒഴിവു വരുന്ന കർണാടക ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് പി.എസ്.ദിനേശ് കുമാറിനെ നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസടക്കം അനുവദനീയ അംഗബലം 34 ഉള്ള സുപ്രീം കോടതിയിൽ നിലവിൽ ഒരൊഴിവ് മാത്രമാണുള്ളത്.
ശോഭ അന്നമ്മ ഈപ്പനെ സ്ഥിരം ജഡ്ജിയാക്കാൻ ശുപാർശ
കേരള ഹൈക്കോടതി അഡീഷനൽ ജഡ്ജി ശോഭ അന്നമ്മ ഈപ്പനെ സ്ഥിരം ജഡ്ജിയാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ഹൈക്കോടതി അഭിഭാഷകയായിരുന്ന ശോഭ അന്നമ്മ ഈപ്പനെ 2022 മേയിലാണ് അഡീഷനൽ ജഡ്ജിയായി നിയമിച്ചത്. പള്ളുരുത്തിയിലും റാന്നിയിലും എംഎൽഎയായിരുന്ന പരേതനായ ഈപ്പൻ വർഗീസിന്റെയും അന്നമ്മയുടെയും മകളാണ്.
Source link